അഭിമാനമാണ് കാമാക്ഷിയിലെ ഈ വനിതാ സംരംഭകര്‍

0
320

പെണ്ണിനും പ്രകൃതിക്കും ഗുണം മാത്രം ചെയ്യുന്ന ഒരു സംരംഭം അതാണ് കാമാക്ഷി പഞ്ചായത്തിലെ നാല് കുടുംബശ്രീ പ്രവര്‍ത്തകര്‍ കണ്ട സ്വപ്‌നം. ആ സ്വപനം പിന്നീട് ഹൈജീനിക്‌സ് സേഫ്റ്റി ക്ലോത്ത് നാപ്കിനുകളായി പരിണമിച്ചു.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന നാപ്കിനുകളെ പഴങ്കഥയാക്കാന്‍ പോന്ന ഉത്പന്നം. അഞ്ച് വര്‍ഷം വരെ കഴുകി ഉപയോഗിക്കാവുന്ന ഒന്ന്.
2020 ജനുവരിയിലാണ് ജാസ്മിന്‍, ആഷ്‌ലി, ജാനറ്റ്, ആനിയമ്മ എന്നീ നാല് വനിതകള്‍ ചേര്‍ന്ന് കാമാക്ഷി പഞ്ചായത്തിലെ പ്രകാശിന് സമീപമുള്ള മാടപ്രായില്‍ ഹൈജീനിക്‌സ് ആരംഭിച്ചത്. വെറുതെ എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിന് പകരം തങ്ങളുള്‍പ്പെടുന്ന സ്ത്രീ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നിന് പരിഹാരം കണ്ടെത്താനാണിവരുടെ ശ്രമം. അങ്ങനെ, സിന്തറ്റിക് പാഡ് മൂലമുണ്ടാകുന്ന അലര്‍ജിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കോട്ടണ്‍ തുണി ഉപയോഗിച്ചുള്ള നാപ്കിന്‍ നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. കൂട്ടത്തിലൊരാളായ ജാസ്മിന്റെ വീട് തന്നെയാണ് ഇവരുടെ നിര്‍മാണ ശാലയും. ബാങ്ക് വായ്പയടക്കം മൂന്ന് ലക്ഷം മുതല്‍മുടക്കിലാണ് യൂണിറ്റ് തുടങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് നിര്‍മാണത്തിനാവശ്യമായ തുണി എത്തിക്കുന്നത്.
രാസപദാര്‍ഥങ്ങളോ ജെല്ലോ പെര്‍ഫ്യൂമോ ചേര്‍ക്കാത്ത 5 തരം നാപ്കിനുകള്‍ ഇവര്‍ ഇവിടെ നിര്‍മിക്കുന്നു. ആര്‍ത്തവ കാലത്തെ ഓരോ ദിവസത്തെയും ആവശ്യം കണക്കിലെടുത്ത് 3 മുതല്‍ പത്ത് ലെയര്‍ തുണി വച്ചാണ് നാപ്കിന്‍ നിര്‍മിച്ചിരിക്കുന്നത്. ഓരോ പാക്കറ്റിലും പല വലുപ്പത്തിലുള്ള പാഡുകളാണുള്ളത്. ഒരു പാക്കറ്റ് വാങ്ങിയാല്‍ എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാമെന്നതു കൊണ്ടു തന്നെ എത്ര വില നല്‍കാനും വനിതകള്‍ തയാറാകുന്നുണ്ട്. നാല് പാഡ് അടങ്ങിയ പാക്കറ്റിന് 500 രൂപയും ഏഴ് പാഡ് അടങ്ങിയ പാക്കറ്റിന് 900 രൂപയുമാണ് ഈടാക്കുന്നത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഉത്പന്നം എത്തിക്കാനാണ് ഇപ്പോളിവര്‍ ശ്രമിക്കുന്നത്. വനിതകളെ സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കുന്ന കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന്റെ 25 വര്‍ഷങ്ങളായി തുടരുന്ന ജൈത്രയാത്രയുടെ കരുത്തും ഇത്തരം സംരംഭങ്ങള്‍ തന്നെയാണ്.