ഇന്ത്യയുടെ സ്റ്റീല്‍ മാന്‍ എന്നറിയപ്പെടുന്ന പ്രമുഖ വ്യവസായിയും ടാറ്റ സ്റ്റീല്‍ മുന്‍ എം.ഡിയുമായ ജംഷെഡ് ജെ. ഇറാനി(86)ക്ക് വ്യവസായ ലോകത്തിന്റെ യാത്രാമൊഴി. ജംഷെഡ്പൂരിലെ ടി.എം.എച്ച് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.
ഇന്ത്യയിലെ സ്റ്റീല്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന നല്‍കിയ ജംഷെഡ് ഇറാനി 1936 ജൂണ്‍ രണ്ടിന് നാഗ്പൂരിലാണ് ജനിച്ചത്. നാഗ്പൂര്‍ സയന്‍സ് കോളജില്‍ നിന്ന് ബിരുദവും നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1963ല്‍ ബ്രിട്ടീഷ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ റിസര്‍ച്ച് അസോസിയേഷനില്‍ ചേര്‍ന്നു.
1968ല്‍ ടാറ്റ സ്റ്റീലില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 40 വര്‍ഷത്തിലേറെ ടാറ്റ സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്തു. ടാറ്റ മോട്ടോഴ്സ്, ടാറ്റ ടെലിസര്‍വിസസ് എന്നിവയുള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2007ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.