രാജ്യത്തിന്റെ വിദേശ നാണ്യശേഖരം വിപുലീകരിക്കുന്നതിന് കഴിഞ്ഞ നാല് വര്‍ഷമായി വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. പല വര്‍ഷങ്ങളായി ചെറിയ അളവില്‍ സ്വര്‍ണം വാങ്ങിയിരുന്നെങ്കിലും ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വാങ്ങി കൂട്ടിയത് 65.11 ടണ്‍ സ്വര്‍ണമാണ്. റിസര്‍വ് ബാങ്കിന്റെ ഈ നീക്കത്തിനും കാരണമുണ്ട്. ഇന്ത്യ മാത്രമല്ല ഇത്തരത്തില്‍ സ്വര്‍ണ ശേഖരം വിപുലീകരിച്ചുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക സെന്‍ട്രല്‍ ബാങ്കുകളും ഇതേ രീതി പിന്തുടരുകയാണെന്ന് ഐഎംഎഫ് രേഖകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വിന്യസിച്ചിരിക്കുന്ന ആസ്തികളുടെ വൈവിധ്യവത്കരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ഡോളര്‍ വഴിയല്ലാതെയുള്ള ഫോറെക്‌സ് ആസ്തികളുടെ വൈവിധ്യവത്കരണം ഏറെ പ്രീതിയാര്‍ജിച്ചിട്ടുണ്ട്.
റഷ്യയുടെ കരുതല്‍ ധനം കൂടുതലും ഡോളറിലാണെന്നിരിക്കെ, യുദ്ധമഴിച്ചുവിട്ടതോടെ റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഫോറെക്‌സ് ശേഖരത്തിന്റെ ഉപയോഗം നാറ്റോ രാജ്യങ്ങള്‍ പൂര്‍ണമായി തടഞ്ഞ് സമ്മര്‍ദ്ദത്തിലാക്കാന്‍ തീരുമാനിച്ചു. റഷ്യയുടെ അനുഭവത്തില്‍ നിന്ന് പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് രാജ്യങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി.
2021ല്‍ ബ്രസീല്‍, തായ്‌ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും സ്വര്‍ണം വന്‍തോതില്‍ വാങ്ങിവച്ചു. 90 ടണ്‍ സ്വര്‍ണമാണ് തായ്‌ലന്‍ഡ് ഈ കാലയളവില്‍ സ്വരുക്കൂട്ടിയത്. തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് റഷ്യയും സ്വര്‍ണം ശേഖരിക്കുന്നത് തുടരുകയാണ്.
ഡോളറിന് പുറമേ ചൈനയടക്കമുള്ള പല രാജ്യങ്ങളും തങ്ങളുടെ കറന്‍സികള്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിന് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതിന്റെ ദു: സൂചന തിരിച്ചറിയുക കൂടി ചെയ്തതോടെയാണ് സ്വര്‍ണ്ണം കരുതേണ്ടതിന്റെ ആവശ്യകത ഇന്ത്യക്ക് ബോധ്യമായത്. രാജ്യാന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമ്പദ്ഘടനയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് സ്വര്‍ണ്ണം വാങ്ങുന്നത് തുടരാന്‍ തന്നെയാണ് രാജ്യങ്ങളുടെ തീരുമാനം.