സാങ്കേതിക രംഗം ദിനംപ്രതി വളര്‍ച്ച കൈവരിക്കുകയാണ്. എന്നാല്‍, കാലമെത്ര കഴിഞ്ഞാലും സൈക്കിള്‍ അന്നും ഇന്നും എന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നു തന്നെ. ആഗോള താപനത്തിന്റെയും ആരോഗ്യ സംരംക്ഷണത്തിന്റെയും ഒക്കെ ഈ കാലത്ത് സൈക്കിളിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൊച്ചി കേന്ദ്രമായി ആരംഭിച്ച ലൈഫ് സ്റ്റൈല്‍ സൈക്കിള്‍ സംരംഭമാണ് വാന്‍ ഇലക്ട്രിക് മോട്ടോ.
മലയാളിയായ ജിത്തു സുകുമാരന്‍ നായര്‍ 2019ലാണ് വാന്‍ ഇലക്ട്രിക് മോട്ടോ എന്ന സംരംഭം ആരംഭിച്ചത്. മറൈന്‍ എഞ്ചിനീയറായിരുന്ന ജിത്തു ലോകസഞ്ചാരത്തിനിടെ ഇലക്ട്രിക് സൈക്കിള്‍ സംരംഭത്തിന് ഇന്ത്യന്‍ വിപണിയിലുള്ള സാധ്യത തിരിച്ചറിഞ്ഞു. അഹമ്മദാബാദ്, മുംബൈ, പൂനെ, ബെംഗളൂരു നഗരങ്ങളില്‍ മാര്‍ക്കറ്റ് സ്റ്റഡി നടത്തി. മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഇ-സൈക്കിള്‍ ഇറക്കുമതി ചെയ്ത് വിപണി പിടിക്കാന്‍ ഇദ്ദേഹം തയാറായിരുന്നില്ല. പകരം സ്വന്തമായി കൊച്ചിയില്‍ തന്നെ ഒരു മാനുഫാക്ചറിങ് യൂണിറ്റ് തുടങ്ങി.
പിന്നീട് ഇറ്റാലിയന്‍ കമ്പനിയായ ബെനെല്ലി, ഓസ്ട്രിയന്‍ കമ്പനി കിസ്‌ക എന്നിവരുടെ പിന്തുണയും വാനിനെ തേടിയെത്തി. വാന്‍ സ്വന്തമായി സൈക്കിള്‍ ഡിസൈന്‍ ചെയ്യുകയും ഇതിനുള്ള ഘടകങ്ങള്‍ ബെനെല്ലി എത്തിച്ചു നല്‍കുകയും ചെയ്യും. ബ്രാന്‍ഡിങ്ങിലാണ് കിസ്‌കയുടെ സഹായം കമ്പനിക്ക് ലഭിക്കുന്നത്. ഏഷ്യന്‍ എനര്‍ജി സര്‍വീസസില്‍ നിന്ന് ആറ് കോടി രൂപയുടെ നിക്ഷേപവും കമ്പനി ഇതിനിടെ സ്വന്തമാക്കി.
രണ്ട് ഇലക്ട്രിക് ബൈസിക്കിളുകളാണ് വാന്‍ ജനുവരിയില്‍ പുറത്തിറക്കിയത്. അതും കേരളത്തില്‍ തന്നെ ആകണമെന്നും ജിത്തുവിന് നിര്‍ബന്ധമുണ്ടായിരുന്നു.
സാധാരണ സൈക്കിളിലേതു പോലെ പെഡല്‍ ചവിട്ടി മാത്രമല്ല പെഡല്‍ അസിസ്റ്റ് മോഡിലും ത്രോട്ടില്‍ മോഡിലും വാന്‍ സൈക്കിളുകള്‍ ഓടിക്കാം. ബൈക്കുകള്‍ ഓടുന്നതു പോലെയുള്ള ത്രോട്ടില്‍ മോഡില്‍ 25 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ വാന്‍ സൈക്കിളുകള്‍ക്കാകും. താരതമ്യേന വലിപ്പം കുറഞ്ഞ കൊച്ചു സൈക്കിളാണ് വാനിന്റേത്. ഈ വലിപ്പത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തന ശേഷി നേടുക എന്നത് തന്നെയാണ് രൂപകല്‍പനയില്‍ തങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്ന് ജിത്തു പറയുന്നു. 60000-70000 രൂപയാണ് ഒരു സൈക്കിളിന്റെ വില.
കേരളത്തില്‍ മാത്രമല്ല രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സൈക്കിളുകള്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് വാന്‍.