ലോക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ട നാല് യുവ എഞ്ചിനീയര്‍മാര്‍ കൊല്ലത്ത് തുടങ്ങിയ സംരംഭം, അതാണ് ബിടെക് ചായ്. ഉന്തുവണ്ടിയില്‍ ചായ വിറ്റ് തുടങ്ങിയ ഇവര്‍ ഇന്ന് വില്‍ക്കുന്നത് ദിവസം അഞ്ഞൂറ് കപ്പില്‍ അധികം ചായ. 75 വെറൈറ്റി പാനീയങ്ങളാണ് മുഹമ്മദ് ഷാഫി, അനന്ദു, ഷാനവാസ് എന്നിവരുടെ കൊല്ലം പള്ളിമുക്ക് കവലയിലുള്ള സ്റ്റാളില്‍ വില്‍ക്കുന്നത്.
എന്തെങ്കിലും ഫുഡ് ബിസിനസ് തുടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, വലിയ മുതല്‍ മുടക്കിന് പണമില്ലാഞ്ഞതിനാല്‍ ഉന്തു വണ്ടിയില്‍ തുടങ്ങാമെന്ന് കരുതി. അപ്പോഴും എന്തെങ്കിലും വെറൈറ്റി വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ മറ്റെവിടെയും കിട്ടാത്ത രുചികളിലുള്ള ചായയും പാനീയങ്ങളും വരെ ഇവര്‍ ഇവിടെ വില്‍ക്കുന്നുണ്ട്.
ജിഞ്ച എന്ന പേരില്‍ വില്‍ക്കുന്ന ചായക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഏഴ് സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്ത സ്‌പെഷ്യല്‍ ചായയാണ് ജിഞ്ച. ലാവെന്‍ഡര്‍, പേരക്ക, ബട്ടര്‍സ്‌കോച്ച് എന്നിവയുടെ ബ്ലെഡഡ് പാനീയങ്ങളും അറുപത് രൂപ വരുന്ന പ്രോട്ടീന്‍ ചായയുമെല്ലാം ഈ ചെറുപ്പക്കാരുടെ കടയില്‍ മാത്രം ലഭിക്കുന്നവയാണ്.
ഷാനവാസ് ദുബായിയിലും മുംബൈയിലുമെല്ലാം ജോലി ചെയ്തിരുന്നു. അന്ന് മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സ്വാദിലുള്ള പല വ്യത്യസ്ത ചായകളും രുചിക്കാനായി. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി സുലൈമാനി ഐറ്റംസും ഇവര്‍ ഇവിടെ വില്‍ക്കുന്നു. ബിടെക് ചായിലെ ബദാം പിസ്ത ചായക്കും ആവശ്യക്കാരേറെയാണെന്ന് ഷാനവാസ് പറയുന്നു.
ചായക്കച്ചവടം എന്നു കേട്ടപ്പോള്‍ പലര്‍ക്കും ആദ്യം നെറ്റി ചുളിഞ്ഞിരുന്നു. ആശയം പുതിയതായിരുന്നെങ്കിലും കുടുംബങ്ങള്‍ ആദ്യമൊക്കെ എതിര്‍ത്തു. എന്നാല്‍ കോവിഡ് കാലത്ത് തന്നെ നല്ല രീതിയില്‍ കച്ചവടം മുന്നോട്ട് പോയി. ഇപ്പോള്‍ ബിടെക് ചായ് ഒരു ബ്രാന്‍ഡ് ആക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണ് ഈ ചെറുപ്പക്കാര്‍