എന്റെ സംരംഭം നാടിന്റെ അഭിമാനം;
ലോണ്‍ മേള സംഘടിപ്പിച്ചു

0
421

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും കുമളി ഗ്രാമപഞ്ചായത്തും പീരുമേട് താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍/ ലൈസന്‍സ്/ സബ്സിഡി മേള സംഘടിപ്പിച്ചു. ഉദ്യം രജിസ്‌ട്രേഷന്‍, ലൈസന്‍സ്, സബ്സിഡിയോട് കൂടി ലോണ്‍ എന്നിവ ലഭിക്കാനുള്ള സഹായം സംരംഭകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ മേള പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ രജനി ബിജു അധ്യക്ഷത വഹിച്ചു.

ലോണ്‍, ലൈസന്‍സ്, സബ്സിഡി വിതരണവും യോഗത്തില്‍ നടത്തി. നാല് സംരംഭകര്‍ക്ക് 26 ലക്ഷം രൂപയുടെ ലോണ്‍ അനുമതി കത്തുകള്‍ കൈമാറി. ഏഴ് ലക്ഷം രൂപയുടെ സബ്‌സിഡിയും നല്‍കി. മൂന്ന് പേര്‍ക്ക് കെ-സ്വിഫ്റ്റ് ലൈസന്‍സും, ഏഴ് പേര്‍ക്ക് ഉദ്യം രജിസ്ട്രേഷനും നല്‍കി. പുതിയ സംരംഭം തുടങ്ങുന്നതിനുള്ള രണ്ട് കോടി 70 ലക്ഷം രൂപയുടെ ലോണ്‍ അപേക്ഷകള്‍ സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജെയിംസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനോദ് ഗോപി, ജിജോ രാധകൃഷ്ണന്‍, പീരുമേട് ഉപജില്ലാ വ്യവസായ ഓഫീസര്‍ ബിന്‍സിമോള്‍. ടി, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണ്‍ അമീര്‍ സുഹൈല്‍, കേരള ബാങ്ക്, ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംരംഭകര്‍ക്കായി പ്രത്യേക ക്ലാസും ഒരുക്കിയിരുന്നു. അഴുത ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ കെ.എ. രഘുനാഥ് ക്ലാസിന് നേതൃത്വം നല്‍കി.