കട്ടപ്പനയിലെ സംരംഭകര്‍ ഓണ്‍ലൈന്‍ മാധ്യമവും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് അവാര്‍ഡ്‌സ് 2022, കട്ടപ്പനക്കാര്‍ക്ക് നവ്യാനുഭവമായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ഹൈറേഞ്ച് ജനത വിജയിപ്പിച്ച മികച്ച സംരംഭകര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറി. ഹോട്ടല്‍ ഹില്‍ ടൗണില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ ഷൈനി സണ്ണി കട്ടപ്പനയിലെ സംരംഭകര്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് നിര്‍വഹിച്ചു. പ്രമുഖ ബിസിനസ് കോച്ച് ഷമീം റഫീക്ക് ലോഗോ പ്രകാശനം ചെയ്തു.
കട്ടപ്പനയിലെ സംരംഭകര്‍ പ്രഥമ ബിസിനസ് അവാര്‍ഡ്‌സില്‍ മികച്ച സംരംഭകന്‍, യുവ സംരംഭകന്‍, യുവ വനിത സംരംഭക, ബിസിനസ് സ്‌കൂള്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. മികച്ച സംരംഭകനായി കൊച്ചിന്‍ ബേക്കേഴ്‌സ് ഉടമ സിജോ മോന്‍ ജോസ്, ഗായത്രി ഡിസൈന്‍സ് ഉടമ സജീവ് എംവി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ദീപക് തോമസ്(കോണ്‍ക്രിയേറ്റേഴ്‌സ്), അമല്‍ ജി നാഥ്(സ്‌കൈ ബില്‍ഡേഴ്‌സ്) എന്നിവര്‍ മികച്ച യുവ സംരംഭകരായും ആന്‍ ശ്രുതി മാത്യു(ലെ പെബിള്‍സ് ബുട്ടീക്), അനു ജോമി(അലങ്കാരം ഇവന്റ് മാനേജ്‌മെന്റ്) എന്നിവര്‍ മികച്ച യുവ വനിതാ സംരംഭകരായും തെരഞ്ഞെടുക്കപ്പെട്ടു. ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ചിയാര്‍ മികച്ച ബിസിനസ് സ്‌കൂളായും തെരഞ്ഞെടുക്കപ്പെട്ടു.
യുവ സംരംഭക വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച റോമിന്‍ ജോസഫ്(ഇടുക്കി എലിക്‌സര്‍സ്), ബോബിന്‍ കെ. രാജു(ബിടുബി ഇവന്റ്‌സ്), തോമസ് ആന്‍ഡ് ജോസ്(ഓറഞ്ച് ഹോട്ടല്‍), ജസ്റ്റിന്‍ തയ്യില്‍ (ഫാഷന്‍ വീക്ക് ഡിസൈന്‍സ്) എന്നിവര്‍ക്കും പുരസ്‌കാരവും പ്രശസ്തിപത്രവും കൈമാറി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന പ്രസിഡന്റ് എംകെ തോമസ്, റോട്ടറി ക്ലബ് ഭാരവാഹികള്‍, ഐഐഎല്‍ടി എജ്യൂക്കേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍മാരായ ഉണ്ണി മൈക്കിള്‍, കണ്ണന്‍ മൈക്കിള്‍, സെബിന്‍ ജോസഫ് കട്ടപ്പനയിലെ സംരംഭകര്‍ ന്യൂസ് കോര്‍ഡിനേറ്റര്‍ ജിനു ഗിരിപ്രകാശ് എന്നിവര്‍ സംസാരിച്ചു.
അവാര്‍ഡ് ദാന ചടങ്ങിന് ശേഷം റീബൂട്ട് യുവര്‍ ബിസിനസ് എന്ന പേരില്‍ ഷമീം റഫീക്ക് നയിച്ച ഓണ്‍ട്രപ്രണര്‍ ട്രെയിനിങ് പ്രോഗ്രാമില്‍ കട്ടപ്പന നഗരത്തിലെ അനേകം സംരംഭകര്‍ പങ്കെടുത്തു.