കുമളിക്കാരന്റെ മധുരമൂറുന്ന സംരംഭം

0
125

നൂതനമായ ആശയത്തില്‍ മധുരം നിറച്ച് വിജയം കൊയ്യുകയാണ് ക്രസന്റ് ഹോം മെയ്ഡ് ചോക്ലേറ്റിലൂടെ ഇടുക്കി കുമളി സ്വദേശിയായ നിസാം എന്ന സംരംഭകന്‍. ബിടെക്ക് പഠനത്തിന് ശേഷം കെഎസ്ഇബിയില്‍ സബ് എഞ്ചിനീയറായിരുന്ന നിസാം, എന്നും സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്‌നത്തിന് പിന്നാലെയായിരുന്നു. അങ്ങനെ സുഗന്ധ ദ്രവ്യങ്ങള്‍ വില്‍ക്കുന്ന കേന്ദ്രം വഴി ആദ്യമായി തന്റെ സംരംഭക സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്തു. ഇതിനൊപ്പം ചോക്ലേറ്റ് വിലപ്‌ന കൂടി ആരംഭിച്ചതോടെ ജീവിതം കൂടുതല്‍ മധുരമൂറുന്നതായി.
അയല്‍ക്കാരിയില്‍ നിന്നാണ് നിസാം ചോക്ലേറ്റ് നിര്‍മാണം പഠിക്കുന്നത്. രുചിച്ചുനോക്കിയപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പിന്നെ തനിയെ ചോക്ലേറ്റ് നിര്‍മിച്ച് സ്വന്തം കടയില്‍ കുറച്ച് കൊണ്ടു ചെന്നു വച്ചു. മറ്റ് സാധനങ്ങള്‍ വാങ്ങാന്‍ വന്നവര്‍ക്ക് ചോക്ലേറ്റ് കൊടുത്തപ്പോള്‍ ഇഷ്ടമായി അവരത് ധാരാളമായി വാങ്ങാന്‍ തുടങ്ങി. അങ്ങനെ വാണിജ്യാടിസ്ഥാനത്തില്‍ ചോക്ലേറ്റ് നിര്‍മാണം ആരംഭിച്ചു. ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവില്‍ സഹോദരി ബുഷറ കൂടി ഒപ്പം ചേര്‍ന്നതോടെ വീടിനോട് ചേര്‍ന്ന് ക്രസന്റ് ഹോം മെയ്ഡ് ചോക്ലേറ്റ് നിര്‍മാണ ഫാക്ടറി ആരംഭിച്ചു. ഇന്ന് പത്ത് വെറൈറ്റികളിലാണ് നിസാം ചോക്ലേറ്റുകള്‍ നിര്‍മിക്കുന്നത്. ബദാം, ചെറി, ഡ്രൈ നട്ട്‌സ്, തുടങ്ങിയവ ചേര്‍ത്താണ് ഇദ്ദേഹം ഇവ നിര്‍മിക്കുന്നത്. ചോക്ലേറ്റുകളുടെ ഡിസൈനിലുമുണ്ട് പ്രത്യേകത. പല രൂപത്തിലും നിസാം ചോക്ലേറ്റുകള്‍ ഉണ്ടാക്കുന്നു. ഇന്ന് തേക്കടിയിലും കുമളിയിലുമെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് നിസാമിന്റെ ഈ ഹോം മെയ്ഡ് ചോക്ലേറ്റ്. ഗുണമേന്മയിലും മുന്നില്‍ തന്നെയാണ് ക്രസന്റ്. ആയിരം ബോക്‌സ് ചോക്ലേറ്റ് വരെയുള്ള ഓര്‍ഡറുകള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. മികച്ച ഇടപെടലിലൂടെ മാത്രമേ ഒരു നല്ല സംരംഭകനാകാന്‍ സാധിക്കൂ എന്ന് നിസാം പറയുന്നു.