കുമളി ഗ്രാമപഞ്ചായത്തില്‍ ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് കുടുംബശ്രീ, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോര്‍ട്ട് അസോസിയേഷന്‍, ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നാണ് വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. കോവിഡ് കാല അടച്ചുപൂട്ടലിന് ശേഷമുള്ള ഇത്തവണത്തെ ഓണം വിപുലമായി ആഘോഷിക്കുന്നതിലുള്ള സന്തോഷം പ്രസിഡന്റ് പങ്കുവച്ചു. കുമളിയുടെ ടൂറിസം വികസനത്തിനുതകുന്ന പരിപാടികളുമായി മുന്നോട്ടുപോകുന്നതിന് ആഘോഷ പരിപാടികള്‍ സഹായകരമാകുമെന്നും പ്രസിഡന്റ് പറഞ്ഞു. കുമളി പൊതുവേദിയില്‍ നിന്നും ആരംഭിച്ച് ഒന്നാംമൈല്‍ ചെളിമട വഴി പൊതുവേദിയില്‍ സമാപിച്ച ക്രോസ് കണ്‍ട്രി കൂട്ടയോട്ടത്തോടെയാണ് ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായത്. കുമളി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ജോബിന്‍ ആന്റണി ഫ്‌ലാഗ് ഓഫ് ചെയ്തു. കുമളി പൊതുവേദിയില്‍ ജനകീയ അത്തപ്പൂക്കളവും ഒരുക്കി.
സെപ്റ്റംബര്‍ 7 വരെയാണ് ഓണം ടൂറിസം വാരാഘോഷം. കലാ കായിക മത്സരങ്ങള്‍, അത്ത പൂക്കള മത്സരം, സാംസ്‌കാരിക റാലി തുടങ്ങിവ ഉണ്ടാകും. ആറിന് ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ഹോളിഡേ ഹോമില്‍ നിന്നും കുമളി ബസ് സ്റ്റാന്‍ഡ് മൈതാനിയിലേക്ക് സാംസ്‌കാരിക റാലിയും സംഘടിപ്പിക്കും.