വീട്ടിലെ മാലിന്യ നിര്‍മാര്‍ജനത്തിനൊപ്പം പണം സമ്പാദിക്കാന്‍ സഹായിക്കുന്ന ആക്രി ആപ്പിന് ജനപ്രീതി ഏറുന്നു. ജൈവ മാലിന്യ ശേഖരണം കൂടി ആരംഭിച്ചതോടെയാണ് ആപ്പിന്റെ സ്വീകാര്യത വര്‍ധിച്ചത്. 2019 ല്‍ തുടങ്ങിയ ആക്രി ആപ്പ് എന്ന സംരംഭത്തിന് ഇന്ന് 45,000 ഉപഭോക്താക്കളുണ്ട്. ആറ് ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.
ഉപയോഗ ശൂന്യമായ എല്ലാ വസ്തുക്കളും ഇവര്‍ ശേഖരിക്കുന്നു.
ബയോമെഡിക്കല്‍ മാലിന്യ ശേഖരണം ജൂണ്‍ മുതല്‍ ആരംഭിച്ചു. കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി (കെ.ഇ.ഐ.എല്‍) സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഡയപ്പറുകള്‍, സാനിറ്ററി പാഡുകള്‍, ആശുപത്രി മാലിന്യങ്ങള്‍, ഉപയോഗിക്കാത്ത മരുന്നുകള്‍ എന്നിവ ശേഖരിച്ച് കെ.ഇ.ഐ.എല്ലിന്റെ ബ്രഹ്‌മപുരം പ്ലാന്റിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കും. ഒരു ദിവസം 18 ടണ്‍ ജൈവമാലിന്യങ്ങള്‍ വരെ സംസ്‌കരിക്കാനുള്ള സംവിധാനം കെ.ഇ.ഐ.എല്ലില്‍ ഉണ്ട്. എന്നാല്‍, മെഡിക്കല്‍ വേസ്റ്റ് സംസ്‌കരിക്കാന്‍ ഐ.എം.എ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടരടണ്‍ ബയോ മാലിന്യമാണ് ആപ്പുവഴി ശേഖരിച്ച് ഇവിടെ സംസ്‌കരിച്ചത്.