ചക്കപ്രേമികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലക്ഷങ്ങള്‍ വരുമാനമുള്ള സ്റ്റാര്‍ട്ടപ്പിലേക്ക്

Related Stories

ചക്കപ്രേമികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തുടങ്ങി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സ്റ്റാര്‍ട്ടപ്പിലേക്ക് വളര്‍ന്ന ചക്കപ്രേമികളായ ഒരു കൂട്ടം ബിസിനസുകാരുടെ കഥയാണിത്. സ്വന്തം പറമ്പില്‍ തന്നെയുള്ള ചക്കയോടുള്ള ഇഷ്ടവും ഒപ്പം ബിസിനസ് അവസരവും ഒരുമിപ്പിക്കാമെന്ന് കേരളത്തിലെ ചില ആളുകള്‍ തിരിച്ചറിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. എറണാകുളത്തുള്ള ടി. മോഹന്‍ദാസ് എന്ന വ്യക്തി അനില്‍ ജോസ് എന്ന സുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു. എല്ലാ ദിവസവും തന്റെ ചുറ്റുപാടും എത്ര ചക്കയാണ് പാഴാകുന്നതെന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ചക്ക വാങ്ങാന്‍ നൂറു കണക്കിന് രൂപ ചിലവാക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നതിനെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ഈ ചാറ്റിന്, ‘അടുത്ത വര്‍ഷം മുതല്‍ നിങ്ങളുടെ ഒറ്റ ചക്ക പോലും വേസ്റ്റാവില്ല’ എന്നായിരുന്നു അനില്‍ മറുപടി നല്‍കിയത്. തൊട്ടുപിന്നാലെ അനില്‍ ചക്കക്കൂട്ടം എന്ന പേരില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പും തുടങ്ങി.
സുഹൃത്തുക്കളെ അംഗങ്ങളാക്കി.
ചക്ക ഇഷ്ടപ്പെടുന്നവരെയും, കര്‍ഷകരെയും ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഒത്തു ചേരലുകള്‍ സംഘടിപ്പിക്കുകയും, ചക്കയുടെ വ്യത്യസ്ത വെറൈറ്റികളെ സംബന്ധിച്ച വിവരങ്ങള്‍ പങ്കു വെക്കുകയും ചെയ്തു. കേരളത്തിലുണ്ടാകുന്ന ചക്കയില്‍ 90 ശതമാനവും പാഴാകുകയാണെന്ന് ചക്കക്കൂട്ടത്തിന് നേതൃത്വം നല്‍കിയവര്‍ കണ്ടെത്തി. ഇത് കുറയ്ക്കണമെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് ലക്ഷ്യമിട്ടു. പദ്ധതി വന്‍വിജയമായി.
കേരളത്തിനുള്ളില്‍ നിന്നും പുറത്തു നിന്നുമുള്ള ആളുകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായി. നഗരങ്ങളിലേക്ക് കുടിയേറിയ നിരവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. അന്താരാഷ്ട്ര ചക്ക ദിനമായി (International jackfruit day) ആചരിക്കുന്ന ജൂലൈ 4ന് ഗ്രൂപ്പിലെ അംഗമായ ആര്‍. അശോകിന് റേഡിയോ ഖത്തറിലെ ഒരു സംഭാഷണത്തിന് ക്ഷണം ലഭിച്ചു. അശോകിനും അനിലിനുമൊപ്പം ഭക്ഷ്യമേഖലയില്‍ 40 വര്‍ഷത്തിലധികം പരിചയ സമ്പത്തുള്ള വിപിന്‍ കുമാര്‍, 16 വര്‍ഷത്തിലധികം മാര്‍ക്കറ്റിങ് രംഗത്തുള്ള സാബു അരവിന്ദ്, മനു ചന്ദ്രന്‍, മാനുഫാക്ചറിങ്ങിലും, ഭക്ഷ്യ മേഖലയിലെ മെഷിനറികള്‍ കസ്റ്റമൈസ് ചെയ്യുന്നതിലും വിദഗ്ധനായ ബോബിന്‍ ജോസഫ് എന്നിവര്‍ കൈകോര്‍ത്തു. അങ്ങനെ ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ് ആരംഭിച്ചു. ചക്കയില്‍ നിന്നുള്ള നിരവധി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു വിപണിയിലെത്തിച്ചു.
ഇന്ന് എല്ലാ ജില്ലകളിലും 500ല്‍ അധികം അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സജീവമാണ്. ചക്ക ചിപ്‌സ്, ചക്ക മാവ്, ഹല്‍വ, ഡ്രൈ ആന്‍ഡ് ടെന്‍ഡര്‍ ജാക്ക് ഫ്രൂട്ട് എന്നിവയെല്ലാം വിറ്റഴിയുന്നു. 100 രൂപ മുതല്‍ 1000 രൂപ വരെയാണ് വില നിലവാരം. ലക്ഷ്യം ലാഭമുണ്ടാക്കുകയായിരുന്നില്ലെങ്കിലും ഇന്ന് ലക്ഷങ്ങളാണ് വരുമാനമെന്ന് കമ്പനി ഉടമകള്‍ പറയുന്നു. വൈകാതെ വിദേശ വിപണിയിലേയ്ക്കും ചക്കക്കൂട്ടം ബ്രാന്‍ഡ് എത്തിക്കുന്നതിനാണ് തീരുമാനമെന്ന് കമ്പനി സിഇഒ മനു ചന്ദ്രന്‍ പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories