ഇടുക്കിയിലും ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. ഈടില്ലാതെ വേഗത്തില്‍ ലോണ്‍ നല്‍കും എന്ന ചതിക്കുഴിയില്‍ നിരവധി പേരാണ് അകപ്പെടുന്നത്. സ്ത്രീകളടക്കമുള്ളവര്‍ ഇതിനകം കബളിപ്പിക്കപ്പെട്ടു കഴിഞ്ഞു.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സെല്‍ഫി അയച്ചുകൊടുക്കാന്‍ ആപ്പിലൂടെ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നു. തുടര്‍ന്ന് ആവശ്യപ്പെട്ടതിന്റെ പകുതി തുക മാത്രം ലോണ്‍ നല്‍കുകയും അധികം വൈകാതെ തുക മുഴുവന്‍ തിരികെ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പിന്നാലെ വീണ്ടും പണം ആവശ്യപ്പെടുന്ന ഇവര്‍ പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നു. ഇതിനകം ഹാക്കര്‍മാര്‍ ഇവരുടെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയിട്ടുണ്ടാകും. ഫോണിലെ കോണ്ടാക്ടിലുള്ള മുഴുനാളുകള്‍ക്കും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുകൊടുത്തതായും സൈബര്‍ സെല്ലിന് പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ക്രിപ്‌റ്റോ കറന്‍സി, ഓണ്‍ലൈന്‍ ഷോപ്പിങ്, ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് എന്നിവയുടെ പേരിലും തട്ടിപ്പ് വ്യാപകമാകുകയാണ്.