ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ആഗോള പാനീയങ്ങള്‍ക്കൊരു ബദലാകുകയാണ് കണ്ണൂര്‍ സ്വദേശിയായ ഡിസൈനറുടെ ബുച്ചായ് എന്ന ഹെല്‍ത്ത് ഡ്രിങ്ക് ബ്രാന്‍ഡ്. ബുച്ചായ് എന്ന പേരുപോലെ തന്നെ വ്യത്യസ്തമാര്‍ന്ന ഉത്പന്നം വിപണിയിലെത്തിക്കുകയാണ് യുവ സംരംഭകനായ ഇന്ദ്രജിത്ത്. ശീതള പാനിയ വിപണിയില്‍ ഗുണമേന്മ കൊണ്ട് നേടിയ വിജയമാണ് ഈ കണ്ണൂര്‍ ഇരിട്ടി സ്വദേശിക്ക് പറയാനുള്ളത്. വളരെ യാദൃശ്ചികമായാണ് 26 കാരനായ ഇന്ദ്രജിത്ത് പഴസത്തുക്കളില്‍ നിന്ന് ശാസ്ത്രീയമായി വാറ്റിയെടുക്കുന്ന കൊംപൂച്ചിയ എന്ന പാനിയത്തെ കുറിച്ച് മനസ്സിലാക്കിയത്. ഡിസൈനറായ ഇന്ദ്രജിത്തിനെ ഒരിക്കല്‍ കൊംപൂച്ചിയ ഉത്പന്നത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്യാന്‍ ഒരു കമ്പനി സമീപിച്ചു. ഉത്പന്നത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ ഇത് വളരെ ഹെല്‍ത്തിയായ ഡ്രിങ്കാണെന്നും കേരളത്തില്‍ ഇതിന്റെ വിപണി സാധ്യത വളരെ വലുതാണെന്നും ഈ ചെറുപ്പക്കാരന്‍ തിരിച്ചറിഞ്ഞു.
പ്രാദേശികമായി ലഭിക്കുന്ന പഴങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ചൈനയില്‍ സുലഭമായി ലഭിക്കുന്ന കൊംപൂച്ചിയ, ബുച്ചായ് എന്ന പേരില്‍ നിര്‍മ്മിക്കുന്നത്. മാങ്ങ, പൈനാപ്പിള്‍, പാഷന്‍ഫ്രൂട്ട്, നന്നാറി തുടങ്ങിയ ഫ്‌ളേവറുകളില്‍ ലഭിക്കുന്ന പാനീയം പ്രാദേശിക വിപണികളില്‍ പ്രിയങ്കരമായിരിക്കുകയാണ്. ഗ്രീന്‍ടീ ഉപയോഗിച്ചാണ് ഈ പാനീയം നിര്‍മിക്കുന്നത്. 2021 മാര്‍ച്ച് 14നാണ് ഇന്ദ്രജിത്ത് ആന്റിഓക്‌സിഡന്റുകള്‍ ഏറെയുള്ള ബുച്ചായ് നിര്‍മാണം ആരംഭിക്കുന്നത്. ആഗോള പാനീയങ്ങള്‍ക്ക് ബദലായി ഒരു ഹെല്‍ത്തി ഡ്രിങ്ക് എന്ന നിലയിലാണ് ബുച്ചായിയുടെ തുടക്കം. ദഹന പ്രക്രിയ മുതല്‍ പ്രമേഹം വരെ നിയന്ത്രിക്കാന്‍ കഴിവുള്ള ഈ ഉത്പന്നം അധികം വൈകാതെ വിപണി കീഴടക്കുമെന്നാണ് ഈ സംരംഭകന്റെ പ്രതീക്ഷ. ഓണ്‍ലൈനിലും തന്റെ വിപണി കണ്ടെത്തുകയാണ് ഇന്ദ്രജിത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം.