പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടി ശ്രീനാഥ് ഭാസി നായകനായ പുതിയ ചിത്രം. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ‘നമുക്ക് കോടതിയില്‍ കാണാം’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ വിവാദമായിരുന്നു. അവതാരകയെ അധിക്ഷേപിച്ച താരത്തിനെതിരെ പരാതി നല്‍കുകയും ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ നിര്‍മാതാക്കളുടെ സംഘടന താരത്തിനെതിരെ താല്‍ക്കാലിക വിലക്കുമായി രംഗത്തുവരികയും ചെയ്തു. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരണം തുടരുന്നതുമായ സിനിമകളില്‍ അഭിനയിക്കാന്‍ താരത്തിന് അനുവാദം നല്‍കിയിട്ടുണ്ട്.
ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം.ജി.സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്.
ലാലു അലക്‌സ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.