ഫാക്ട് നേടിയത് 225 കോടി രൂപയുടെ വിറ്റുവരവ്

0
227

അടച്ചിടലിന്റെ ഇടവേളയ്ക്ക് ശേഷം ഉൽപാദനം പുനരാരംഭിച്ച കാപ്രോലാക്ടം യൂണിറ്റിൽ നിന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് നേടിയത് ഏകദേശം 225 കോടി രൂപയുടെ വിറ്റുവരവ്. കഴിഞ്ഞ 5 മാസത്തിനിടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പൂർണമായ ഉൽപാദന ശേഷി കൈവരിക്കും മുൻപേയാണ് ഈ നേട്ടം. നടപ്പു സാമ്പത്തിക വർഷം പൂർത്തിയാകാൻ 2 മാസം ബാക്കിനിൽക്കെ ഫാക്ടിന്റെ വിറ്റുവരവ് 300 കോടി കടക്കുമെന്നാണ് പ്രതീക്ഷ. അടുത്ത സാമ്പത്തിക വർഷം കാപ്രോലാക്ടം വിൽപനയിൽ നിന്നും ഫാക്ട് ലക്ഷ്യമിടുന്നത് 700 കോടി രൂപയുടെ വിറ്റുവരവാണ്. ഫാക്ടിൽ ഉൽപാദനം പുനരാരംഭിച്ചതോടെ കാപ്രോലാക്ടം ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. പ്രതിവർഷം 1.20 – 1.33 ലക്ഷം ടൺ കാപ്രോലാക്ടമാണ് രാജ്യത്തിന് ആവശ്യം. ഇതിന്റെ ഉൽപാദനം കഷ്ടിച്ച് 70,000 ടൺ മാത്രമാണ്. ബാലൻസ് 60,000 – 70,000 ടൺ ഇറക്കുമതി ചെയ്യുകയാണ്.

ഫാക്ട് സജീവമായതോടെ ഇറക്കുമതിയുടെ അളവു കുറഞ്ഞു തുടങ്ങി. സെപ്റ്റംബറിലാണു ഫാക്ടിലെ യൂണിറ്റ് തുറന്നത്. ഇതിനകം, 15,000 ടൺ‍ കാപ്രോലാക്ടം വിറ്റു കഴിഞ്ഞു. കൊച്ചി ഫാക്ട് യൂണിറ്റിൽ 3 കാപ്രോലാക്ടം പ്ലാന്റുകളാണുള്ളത്. ഇവയിൽ 2 എണ്ണം 100 % ശേഷി കൈവരിച്ചുകഴിഞ്ഞു. മൂന്നാമത്തെ പ്ലാന്റ് ഫെബ്രുവരി അവസാനത്തോടെ പൂർണ ശേഷിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രതിവർഷ ഉൽപാദനശേഷി 50,000 ടണ്ണാണ്. 9 വർഷത്തെ അടച്ചിടലിന് ശേഷം ഇതിന്റെ പ്രവർത്തനം ആരംഭിക്കുമ്പോൾ, ഇത്രയും ഉൽപാദനം സാധ്യമാകുന്നതോടെ, രാജ്യത്തിന് ആവശ്യമായ കാപ്രോലാക്ടത്തിന്റെ 90 ശതമാനവും തദ്ദേശീയമായി ലഭ്യമാക്കാനാവുന്നതാണ്.