അതിജീവന പോരാട്ട വേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും 27ാം തീയതി ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കുന്നു. കൃഷിമന്ത്രി പി. പ്രസാദ് അടിമാലിയില്‍ സിപിഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അന്ന് അതിജീവന പോരാട്ടവേദി ദേവികുളം താലൂക്കില്‍ ഹര്‍ത്താലും വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക് സമരവും നടത്തും.
2017ല്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗമായിരിക്കെ
ഇടുക്കിയിലെ നാല് താലൂക്കുകള്‍ ഇഎസ്എ മേഖലയാക്കണമെന്നും വന്യമൃഗ സങ്കേതങ്ങള്‍ ദേശീയോദ്യാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ വേണമെന്നും ആവശ്യപ്പെട്ട് പി. പ്രസാദ് ഗ്രീന്‍ ട്രൈബ്യൂണലിന് ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. ഹര്‍ജി പിന്‍വലിച്ച് മന്ത്രി ഇടുക്കി ജനതയോട് മാപ്പ് പറയണമെന്നാണ് സംഘടനകളുടെ ആവശ്യം.