രാജ്യത്തെ ബാങ്കുകളില്‍ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ആക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് ജീവനക്കാരുടെ സംഘടനകളും ധാരണയിലേക്ക്.
രാവിലെ അര മണിക്കൂര്‍ നേരത്തെ പ്രവൃത്തി തുടങ്ങാന്‍ സംഘടനകളുടെ പ്രതിനിധികള്‍ സമ്മതം അറിയിച്ചു. വിഷയം വീണ്ടും ചര്‍ച്ച ചെയ്യാനും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയ്ക്ക് വിടാനുമാണ് ധാരണ.
സേവന സമയവും ജോലി സമയവും കുറയാത്ത രീതിയില്‍ പരിഹാരം ഉണ്ടായാല്‍ രണ്ട് ശനിയാഴ്ചകള്‍കൂടി അവധി നല്‍കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം എന്നത് പരിഗണിക്കാമെന്ന് ഐ.ബി.എ വ്യക്തമാക്കി.
നിലവില്‍ ഞായറാഴ്ചകളിലും രണ്ട്, നാല് ശനിയാഴ്ചയുമാണ് ബാങ്കുകള്‍ക്ക് അവധി. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഇപ്പോള്‍ പ്രവൃത്തി സമയം. ഇത് രാവിലെ 9.30 അല്ലെങ്കില്‍ 9.25 മുതല്‍ ആക്കാന്‍ തയാറാണ് എന്നാണ് അറിയിച്ചത്.