കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ മനോജ് എം.ടിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. 13-ാം വാര്‍ഡ് വളകോട് ഡിവിഷനില്‍ നിന്നുള്ള സി.പി.ഐ പ്രതിനിധിയാണ് മനോജ് എംടി. ഇനിയുള്ള 18 മാസക്കാലം മനോജ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിക്കും. മുന്‍ പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍ മുന്നണി ധാരണ പ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ മനോജ് കെ.യുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. വി.പി. ജോണാണ് മനോജ് എം.ടി.യുടെ പേര് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍ പിന്താങ്ങി.
നൂറു ശതമാനം വിശ്വസ്ഥതയോടെ തന്നില്‍ നിഷിപ്തമായ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് പുതിയ പ്രസിഡന്റ് മനോജ് എം.ടി. പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വാഴൂര്‍ സോമന്‍ എം.എല്‍.എ നേരിട്ടെത്തി അനുമോദിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ ബി.ഡി.ഒ ജോസുകുട്ടി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോണ്‍സന്‍, മുന്‍ പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ അജിത് എഡ്വേഡ്, ബ്ലാക്ക് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.