മികച്ച പ്രതികരണം നേടി ‘എൻ ഊര് ഗോത്ര പൈതൃക ഗ്രാമം’

0
333

ഗോത്ര ജനതയുടെ സംസ്ക്കാരത്തെ ഉയർത്തിക്കാട്ടുവാൻ സംസ്ഥാന ടൂറിസംവകുപ്പ് നേതൃത്വത്തിൽ വയനാട്ടിൽ ജൂൺ 4 മുതൽ ആരംഭിച്ച ‘എൻ ഊര് ഗോത്ര പൈതൃക ഗ്രാമം’ പദ്ധതിക്ക് മികച്ച പ്രതികരണം. ഇതുവരെ ഇവിടെ 29900 പേർ സന്ദർശനം നടത്തുകയും, ഇത് വഴി 14 ലക്ഷം രൂപയുടെ വരുമാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് നിന്ന് മാത്രമല്ല, ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമുൾപ്പെടെ ധാരാളം പേർ ഇവിടെ സന്ദർശനം നടത്തുന്നുണ്ട്. പൂക്കോട് നവോദയ വിദ്യാലയത്തിൽ നിന്നും, സുഗന്ധഗിരി കുന്നിൻ മുകളിലെത്തിയാൽ എൻ ഊരിലെത്തുവാൻ കഴിയുന്നതായിരിക്കും. ഇവിടെ വിവിധതരം കരകൗശല വസ്തുക്കൾ, വനവിഭങ്ങൾ, പരമ്പരാഗത കാർഷിക വിളകൾ, പച്ചമരുന്നുകൾ, മുള ഉത്പന്നങ്ങൾ, പാരമ്പര്യ ഔഷധച്ചെടികൾ എന്നിവയ്ക്ക് പുറമേ ഓപ്പൺ എയർ തീയറ്റർ, ഫെസിലിറ്റേഷൻ സെന്റർ, വെയർഹൗസ് എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഗോത്ര ജനതയുടെ പുൽവീടുകളും, ഗോത്രവിഭവങ്ങളുടെ തനത് ഭക്ഷണങ്ങളും എൻ ഊരിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. മുതിർന്നവർക്ക് 50 രൂപയും, കുട്ടികൾക്ക് 20 രൂപയും, വിദേശികൾക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്. ക്യാമറ കൊണ്ട് പോകുന്നതിന് 150 രൂപയും നൽകണം. വരും ദിനങ്ങളിൽ കൂടുതൽ സഞ്ചാരികൾ ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരവകുപ്പ് .