റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ഗുരുവായൂരിൽ
ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു ദർശനത്തിനായി എത്തിയത്. ശേഷം കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി.
ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുതവധുവായ രാധികാ മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനി ക്ഷേത്രത്തിൽ എത്തിയത്. തെക്കേ നടപ്പന്തലിന് മുന്നിൽ വെച്ച് ദേവസ്വം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. ” കുറച്ചു കാലമായി ഇവിടെ വന്നിട്ട്. ഇപ്പോൾ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി ” മുകേഷ് അംബാനി പറഞ്ഞു.
20 മിനിട്ടോളമാണ് അംബാനിയും സംഘവും ക്ഷേത്രത്തിൽ ചെലവഴിച്ചത്. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുരകവാടത്തിന് മുന്നിൽ വെച്ച് വി.കെ. വിജയൻ ദേവസ്വത്തിന്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനി മടങ്ങിയത്.