ഉത്തരേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ലുലു ഗ്രൂപ്പ്. യുപിക്ക് പിന്നാലെ ഗുജറാത്തിലേക്കും ലുലു ബിസിനസ് വ്യാപിപ്പിക്കുന്നു. വാണിജ്യ നഗരമായ അഹമ്മദാബാദില്‍ 3,000 കോടി രൂപ നിക്ഷേപത്തില്‍ ലുലു മാള്‍ ഒരുക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ജനുവരിയില്‍ ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. എഴുപതുകളുടെ തുടക്കത്തില്‍ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധമാണെന്നു യൂസഫലി പറഞ്ഞു. തന്റെ പിതാവും കുടുംബാംഗങ്ങളും വര്‍ഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി അനുസ്മരിച്ചു.
30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 6,000 ആളുകള്‍ക്ക് നേരിട്ടും 15,000ത്തില്‍ അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ.വി.ആനന്ദ് റാം പറഞ്ഞു.
ഗുജറാത്തില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ സര്‍ക്കാരും ലുലു ഗ്രൂപ്പും ഒപ്പ് വച്ചിരുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഫണ്‍ടുറ, 15 സ്‌ക്രീന്‍ സിനിമ, മുന്നൂറിലധികം ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, വിശാല ഫുഡ് കോര്‍ട്ട്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാള്‍. പ്രാദേശിക കാര്‍ഷികോല്‍പന്നങ്ങള്‍ക്കും മാളില്‍ വിപണന സൗകര്യമുണ്ടാകും.