സംരംഭക വർഷാചരണത്തിന്റെ ഭാഗമായി സംരംഭകർക്ക് നാല് ശതമാനം പലിശക്ക് വായ്പ നൽകുന്ന പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്. നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. പുതിയ സംരംഭങ്ങൾക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള വായ്പാ പദ്ധതിക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. കുറഞ്ഞ നിരക്കിൽ ബാങ്കുകൾ വായ്പ നൽകുമ്പോൾ ഉണ്ടാകുന്ന അധിക ബാധ്യതക്ക് സർക്കാർ പലിശ ഇളവ് നൽകും. സംരംഭക വർഷാചരണത്തിന്റെ ഭാഗമായി ഇന്നു വരെയുള്ള കണക്കനുസരിച്ച് 42,372 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. പ്രത്യേക വായ്പാ പദ്ധതി, സംരംഭക വർഷാചരണം ലക്ഷ്യം നേടുന്നതിന് ഏറെ സഹായകരമാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.