സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായ ‘ഹര്‍ ഘര്‍ തിരംഗ’ (ഓരോ വീട്ടിലും പതാക) കാമ്പയിന് ജില്ലയില്‍ വര്‍ണാഭമായ തുടക്കം. പൈനാവ് കുയിലിമല സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകള്‍ ത്രിവര്‍ണ കൊടി തോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരുടെ കാമ്പ് ഹൗസുകള്‍, ജില്ല മെഡിക്കല്‍ ഓഫീസ്, എസ്. പി ഓഫീസ്, സമ്പാദ്യ ഭവന്‍ ഓഫീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വനിതാ പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ 13 ന് അതിരാവിലെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫീസില്‍ ഡി. എം. ഒ. ഡോ. ജേക്കബ് വര്‍ഗീസ്, മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേശീയ പതാക പ്രദര്‍ശനം. ശേഷം പായസ വിതരണവും നടത്തി. ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ആവേശത്തോടെ സ്വീകരിച്ച ജില്ലയിലെ ജനങ്ങള്‍ ജാതി, മത ഭേദമന്യേ വീടുകളിലും ദേശീയ പതാക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.