എല്ലാ അര്‍ഹരായവര്‍ക്കും പട്ടയം: റെവന്യു മന്ത്രി

0
84

ഇടുക്കിയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കി അവരെയെല്ലാം ഭൂമിയുടെ അവകാശികളാക്കുമെന്ന് റെവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേള കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല നേരിടുന്ന സങ്കീര്‍ണമായ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കും. പട്ടയം നല്‍കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. അയ്യായിരം പേര്‍ക്ക് ഉടന്‍ പട്ടയങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചു വരികയാണ്്. സമയബന്ധിതമായി ജീവനക്കാരെ നിയോഗിച്ച് ചെറിയ കാലയളവിനുള്ളില്‍ പട്ടയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 3 ചെയിന്‍, 7 ചെയിന്‍, 10 ചെയിന്‍ പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരോടൊപ്പം രണ്ട് യോഗങ്ങള്‍ ചേര്‍ന്നു. ഈ ജൂബിലി വര്‍ഷം തന്നെ ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു നിലനില്‍ക്കുന്ന ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പ്രതിജ്ഞബദ്ധമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. 539 രവീന്ദ്രന്‍ പട്ടയങ്ങളില്‍ 334 പട്ടയങ്ങളാണ് വിചാരണയ്ക്ക് വിധേയമായത്. ഇതില്‍ 311 പേരുടെയും കൈവശം ഇരിക്കുന്ന ഭൂമി തന്നെയാണെന്ന് കണ്ടെത്തി. 184 എണ്ണത്തിന്റെ ഹിയറിങ്ങ് പൂര്‍ത്തിയായി. 39 എണ്ണം റദ്ദു ചെയ്തു. ബാക്കി ഉള്ളതിന്റെ കൃത്യമായ സര്‍വേ നടത്തി വേഗത്തില്‍ പരിഹാരം ഉണ്ടാക്കും. കര്‍ഷക കേന്ദ്രികൃത നടപടികള്‍ മാത്രമേ സര്‍ക്കാര്‍ സ്വീകരിക്കൂ. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യമാണ് വകുപ്പിനുള്ളതെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ 26 പട്ടയങ്ങള്‍ മന്ത്രി വിതരണം ചെയ്തു.
ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുക എന്നതും സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 562 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്.