ഓണക്കാലമെത്തുമ്പോഴെങ്കിലും ഏലത്തിന് ആയിരം രൂപയ്ക്ക് മുകളില്‍ വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകര്‍. എന്നാല്‍, തിരുവോണത്തിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോഴും ആയിരത്തില്‍ താഴെ മാത്രമായി ഏലം വില തുടരുന്നതിന്റെ നിരാശയിലാണ് കര്‍ഷകര്‍.
വളത്തിന്റെ വില വര്‍ധനയും ഏലം വിലയിടിവും രോഗബാധയും കഴിഞ്ഞ ഏതാനും മാസങ്ങളില്‍ കര്‍ഷകരെ വല്ലാതെ വലച്ചെങ്കിലും ഓണക്കാലത്ത് നേട്ടമുണ്ടാക്കാമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. മൂന്നാം തീയതി 960 രൂപ വരെ ഏലത്തിന് വില കിട്ടിയെങ്കിലും ഇന്നലെ ഇത് വീണ്ടും 948 ലേക്ക് താഴ്ന്നു.
കീടനാശിനിയുടെ അളവ് കൂടുതലായതിനാല്‍ വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഏലത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞതാണ് വിലയിടിവിന്റെ പ്രധാന കാരണമായി അധികൃതര്‍ അറിയിക്കുന്നത്. ഇതിന് പ്രതിവിധിയായി ഏലത്തില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കണ്ടെത്തി മികച്ചവ മാത്രം വിദേശത്തേക്ക് കയറ്റി അയക്കാനുള്ള പദ്ധതി സ്‌പൈസസ് ബോര്‍ഡ് ആസൂത്രണം ചെയ്തിരുന്നു. ഓണത്തിന് മുന്‍പ് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ലാബുകളുടെ അഭാവം മൂലം അതും അവതാളത്തിലായ മട്ടാണ്.