ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി 12.07 ന് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന് സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന പേടകം കുതിച്ചുയരും.
ഭ്രമണപഥത്തില്‍ 648 ഉപഗ്രഹങ്ങള്‍ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന വമ്പന്‍ പദ്ധതിയിലാണ് ഐഎസ്ആര്‍ഒ കൂടി ഭാഗമാകുന്നത്. ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്.
റഷ്യയുടെ റോസ്കോസ്മോസിന്റെ സേവനമാണ് ഇതുവരെ അവര്‍ ഉപയോഗിച്ചിരുന്നത്. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഉലഞ്ഞതോടെയാണ് വെബ് വണ്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയുമായി കരാറുണ്ടാക്കിയത്. വിക്ഷേപണം വിജയമായാല്‍ ആഗോള വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യക്കിത് വന്‍ കുതിച്ചുചാട്ടമാകും.
ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ഈ റോക്കറ്റ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ചാന്ദ്രയാന്‍ ദൗത്യത്തിന്റെ വാഹനവും ജിഎസ്എല്‍വി മാര്‍ക് 3 യാണ്.
                                    
                        


