കൊച്ചി: ജി.എസ്.ടി സമാഹരണത്തില്‍ മികവ് തുടര്‍ന്ന് കേരളം. സെപ്തംബറില്‍ ജി.എസ്.ടിയായി കേരളം നേടിയത് 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയാണ്. 2021 സെപ്തംബറില്‍ 1,764 കോടി രൂപയായിരുന്നു. ആഗസ്റ്റില്‍ 26 ശതമാനം വളര്‍ച്ചയോടെ 2,036 കോടി രൂപയും ജൂലായില്‍ 29 ശതമാനം നേട്ടത്തോടെ 2,161 കോടി രൂപയും കേരളം നേടിയിരുന്നു.
29 ശതമാനം വളര്‍ച്ചയോടെ 21,403 കോടി രൂപ സമാഹരിച്ച് കഴിഞ്ഞമാസവും മഹാരാഷ്ട്ര ഒന്നാമതെത്തി. കര്‍ണാടക 9,760 കോടി രൂപയുമായി രണ്ടാമതാണ്; വളര്‍ച്ച 25 ശതമാനം. 16 ശതമാനം വളര്‍ന്ന് 9,020 കോടി രൂപയുമായി ഗുജറാത്ത് മൂന്നാമതും പത്ത് ശതമാനം നേട്ടത്തോടെ 8,637 കോടി രൂപ നേടി തമിഴ്നാട് നാലാമതുമാണ്.
കഴിഞ്ഞമാസം ദേശീയതലത്തില്‍ ജി.എസ്.ടിയായി സമാഹരിച്ചത് 1.47 ലക്ഷം കോടി രൂപ. 2021 സെപ്തംബറിലെ 1.17 ലക്ഷം കോടി രൂപയേക്കാള്‍ 26 ശതമാനം അധികമാണിത്.
കഴിഞ്ഞമാസത്തെ സമാഹരണത്തില്‍ 25,271 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 31,813 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. സംയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി) 80,464 കോടി രൂപ നേടി. സെസ് ഇനത്തില്‍ 10,137 കോടി രൂപയും ലഭിച്ചു.
തുടര്‍ച്ചയായ ഏഴാംമാസമാണ് ജി.എസ്.ടി സമാഹരണം 1.4 ലക്ഷം കോടി രൂപ കവിഞ്ഞത്. ഏപ്രിലില്‍ സമാഹരിച്ച 1.67 ലക്ഷം കോടി രൂപയാണ് റെക്കാഡ്.
.