ഫിക്സ് ഇറ്റ് എന്ന സര്‍വീസ് അഗ്രിഗേറ്റര്‍ സ്റ്റാര്‍ട്ടപ്പ് വഴി പ്രതിമാസം 30 ലക്ഷം വിറ്റുവരവ് നേടി മുഹമ്മദ് അബ്ദുള്‍ ഗഫൂര്‍ എന്ന മലപ്പുറം സ്വദേശി. വെറും ഇരുപത് വയസ്സ് മാത്രമാണ് ഈ സംരംഭകന്റെ പ്രായം.
മുഹമ്മദ് അബ്ദുല്‍ ഗഫൂറിന്റെ കുട്ടിക്കാലം മിഡില്‍ ഈസ്റ്റിലായിരുന്നു. സൗദി അറേബ്യയില്‍ ഓയില്‍ കമ്പനിയിലായിരുന്നു പിതാവ് ജോലി ചെയ്തിരുന്നത്. പിന്നീട് നാട്ടിലേക്ക് മടങ്ങി. പവര്‍ ടൂളുകള്‍ വില്‍ക്കുന്ന ഹാര്‍ഡ്വെയര്‍ ബിസിനസ് ആരംഭിച്ചു. അദ്ദേഹത്തിന്റെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച് ഒരു ചെറിയ ബിസിനസ് തുടങ്ങാന്‍ മകന്‍ തീരുമാനിച്ചു. പതിനാറാം വയസ്സില്‍ ഗൃഹോപകരണങ്ങളുടെ ബിസിനസ് തുടങ്ങി.
കോവിഡ് കാലത്താണ് എല്ലാം മാറിമറിഞ്ഞത്. ഗഫൂര്‍ ക്വാറന്റൈനിലായിരുന്നപ്പോള്‍ അച്ഛന്‍ വീട്ടിലില്ലായിരുന്ന സമയത്ത് പൈപ്പ് പൊട്ടുകയും നന്നാക്കാന്‍ ആളെ കിട്ടാതെ വരികയും ചെയ്തു. അന്നാണ് പല വീടുകളിലും പല സര്‍വീസുകള്‍ക്കും ആളെ കിട്ടാതെ ആളുകള്‍ വലയുന്നുണ്ട് എന്നത് ഈ ചെറുപ്പക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. അങ്ങനെയാണ് ഫിക്സ് ഇറ്റ് എന്ന പേര് തന്നെ നല്‍കി സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്.
എല്ലാത്തരം ഗാര്‍ഹിക സംബന്ധിയായ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു സ്റ്റാര്‍ട്ടപ്പ്. തൊഴിലാളികളുടെ ഒരു ശൃംഖല സ്ഥാപിച്ചുള്ള അഗ്രിഗേറ്റര്‍ മോഡല്‍ ബിസിനസാണിത്. പ്ലംബിംഗ്, ഇലക്ട്രിക് ജോലികള്‍ മുതല്‍ പൂന്തോട്ടപരിപാലന ജോലികള്‍ക്കായി തൊഴിലാളികളെ കണ്ടെത്തി നല്‍കുക വരെ ഫിക്‌സിറ്റ് വഴി ചെയ്യുന്നു.
ആദ്യ നിക്ഷേം അയ്യായിരം രൂപയായിരുന്നു. അന്ന് എല്ലാം ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. ആദ്യം എല്ലാ മേഖലയിലെയും വിദഗ്ധരായ തൊഴിലാളികളെ കണ്ടെത്തി പ്ലാറ്റ്ഫോമില്‍ അംഗങ്ങളാക്കുകയായിരുന്നു പ്രധാന ജോലി. ഇപ്പോള്‍ വെറും എട്ട് മിനിറ്റിനകം വേണ്ട എല്ലാ ജോലികള്‍ക്കും ആളെ വീട്ടില്‍ കിട്ടുന്നു. ഇത് ഫിക്സ് ഇറ്റിനെ ആളുകളുടെ മനസില്‍ ഇടംനേടാന്‍ സഹായിച്ചു. മൂന്ന് ജില്ലകളിലായി 71 ജോലിക്കാരുണ്ട്. പ്രതിമാസം 30 ലക്ഷം വിറ്റുവരവ് നേടുന്ന സ്ഥാപനമായി വളര്‍ന്നിട്ടുണ്ട് ഈ യുവാവിന്റെ സംരംഭം.
ഉടന്‍ തന്നെ സ്റ്റാര്‍ട്ടപ്പിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കമ്പനിയെ റീബ്രാന്റ് ചെയ്യുകയാണ് ഇനി ലക്ഷ്യമെന്നും ഈ സംരംഭകന്‍ പറയുന്നു.