ശുദ്ധമായ ഏലക്ക: പ്രത്യേക ഇ-ലേലം 22ന്

Related Stories

ഇടുക്കി: ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചതും കൃത്രിമനിറം ഉള്‍പ്പെടെ മായമില്ലാത്തതുമായ ഏലക്കായയുടെ പ്രത്യേക ഇ-ലേലത്തിന് സ്‌പൈസസ് ബോര്‍ഡ് തുടക്കമിടുന്നു. ബോര്‍ഡിന്റെ ലാബോറട്ടറിയില്‍ പരിശോധിച്ച് മികവ് ഉറപ്പാക്കിയ ഏലക്കയാണ് ലേലത്തിന് വയ്ക്കുക. ആദ്യലേലം 22ന് ഇടുക്കി പുറ്റടിയിലെ ഇ-ലേല കേന്ദ്രത്തില്‍ നടക്കും.

അപകടകരമായ കീടനാശിനികള്‍ തളിക്കാത്തതും കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാത്തതുമായ ഏലക്കായ്ക്ക് പ്രിയം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്രത്യേക ഇ-ലേലം ഒരുക്കുന്നതെന്ന് സ്പൈസസ് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനുള്ള ആദ്യ ഏലക്കായ പരിശോധന 7, 8 തീയതികളില്‍ നടക്കും. ഇവയില്‍ നിന്ന് തിരഞ്ഞെടുക്കുന്നവ 22ന് ലേലം ചെയ്യും. പരീക്ഷണാടിസ്ഥാനത്തിലുള്ള ലേലം വിജയിച്ചാല്‍ എല്ലാമാസവും അവസാന ശനിയാഴ്ച നടത്തും. പ്രത്യേക ഇ-ലേലത്തില്‍ പുറ്റടിക്ക് പുറമെ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്നും തത്സമയം വ്യാപാരികള്‍ക്ക് പങ്കെടുക്കാം.

സംയോജിത കീടനിയന്ത്രണ സംവിധാനം ഉപയോഗിച്ചുള്ള ഏലക്കൃഷി വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രത്യേക ലേലം. ഏലത്തിന് പച്ചനിറം ലഭിക്കാന്‍ കൃത്രിമനിറങ്ങള്‍ ചേര്‍ക്കുന്നത് ഒഴിവാക്കാനും കഴിയും.
കൃത്രിമനിറങ്ങള്‍, ആറുതരം കീടനാശിനികള്‍ എന്നിവ കൃഷിയിലോ ഏലക്കായ സംസ്‌കരണത്തിലോ ഉപയോഗിച്ചിട്ടുണ്ടോയെന്ന പരിശോധനയാണ് നടത്തുക. പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തുന്ന ഏലക്കായ മാത്രമാകും ലേലത്തിന് വയ്ക്കുക. ഇതുവഴി ശരിയായ കാര്‍ഷികരീതിക്ക് കര്‍ഷകരെ പ്രേരിപ്പിക്കാനും കഴിയും.

കീടനാശിനിയില്ലാതെ സ്വഭാവിക കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഏലം ഉള്‍പ്പെടെ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വിദേശത്ത് ആവശ്യക്കാര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്വാട്ടിമാല ഉള്‍പ്പെടെ രാജ്യങ്ങള്‍ ഗുണമേന്മ കുറഞ്ഞ ഏലക്കായ കയറ്റുമതി നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സുസ്ഥിര വിപണി ഉറപ്പിക്കാനും കയറ്റുമതി ഉയര്‍ത്താനും പ്രത്യേക ലേലം സഹായിക്കുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories