കുട്ടിക്കാനം-കട്ടപ്പന-പുളിയന്‍മല മലയോരഹൈവേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി വേഗത്തിലായത്. ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിങ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണത്തിന് മുന്നോടിയായി പരിശോധനകള്‍ നടത്തി. ചപ്പാത്ത്-കട്ടപ്പന റോഡിലെ നിലവിലുള്ള കുഴികള്‍ അടയ്ക്കുന്നതിനും, ശബരിമല സീസണ്‍ വരെ റോഡ് വീതികൂട്ടല്‍, സൈഡ് വാളുകള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്തുന്നതിനും, ശബരിമല തീര്‍ത്ഥാടനകാലം കഴിയുന്ന മുറയ്ക്ക് ബി എം ആന്റ് ബി സി നിലവാരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനും മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. ഇതിനായി എഴുപത്തിമൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മലയോര ഹൈവേ പൂര്‍ത്തീകരിക്കുന്നതോടെ കാലങ്ങളായുള്ള ഹൈറേഞ്ച് നിവാസികളുടെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്.