സമൂഹ മാധ്യമങ്ങളിൽ വൈറലായി ഓഹരി വിപണിയിൽ 100 കോടി രൂപയിലേറെ നിക്ഷേപമുള്ള ഗ്രാമീണന്റെ വീഡിയോ. ശതകോടീശ്വരനായ ഇദ്ദേഹത്തിന്റെ തനിഗ്രാമീണ ജീവിതമാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കിയാണ് ഇദ്ദേഹത്തിന്റെ ജീവിതം. എൽ ആൻഡ് ടിയിൽ 80 കോടി രൂപ മൂല്യമുള്ള ഓഹരി, അൾട്രാടെക് സിമന്റിൽ 21 കോടി, കര്‍ണാടക ബാങ്കിൽ 1 കോടി എന്നിങ്ങനെയാണ് ഈ ഗ്രാമീണന്റെ നിക്ഷേപം. തനിക്കുള്ള ഓഹരി നിക്ഷേപത്തിനു പുറമെ വർഷംതോറും 6 ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.
രാജിവ് മേത്ത എന്നയാളാണ് എക്സിൽ (മുൻപ് ട്വിറ്റർ) വിഡിയോ പങ്കുവച്ചത്. ധനികനായ ഗ്രാമീണന്റെ പേരുവിവരങ്ങൾ പക്ഷേ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത വിഡിയോ ഇതിനോടകം 12 ലക്ഷം പേരാണ് കണ്ടത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. വസ്ത്രധാരണത്തിലും സംസാരത്തിലും തനി നാടനായ ഇദ്ദേഹത്തെ മാതൃകയാക്കുകയെന്നത് ഇന്നത്തെ തലമുറയ്ക്ക് അസാധ്യമാണെന്ന് തന്നെ പറയാം.