സുഗന്ധലേപന രംഗത്ത് 160 വര്‍ഷത്തെ പാരമ്പര്യമുള്ള ഇസകിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് 39കാരിയായ വിദൂഷി വിജയവര്‍ഗീയ.
1850കളിലാണ് ചുന്നമല്‍ വിജയവര്‍ഗീയ എന്ന പെര്‍ഫ്യൂം നിര്‍മാതാവ് രാജസ്ഥാനില്‍ നിന്ന് ലക്നൗവിലേക്ക് കുടിയേറിയത്. ലക്നൗവിലെ നവാബുമാര്‍ക്ക് വിജയവര്‍ഗീയയുടെ അത്തറുകളും മറ്റും ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് മകന്‍ രാംദയാല്‍ വിജയവര്‍ഗീയയും ചുന്നിലാലിന്റെ പാത പിന്തുടര്‍ന്നു. 1930കളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങളും എണ്ണകളും ഒക്കെ എത്തിച്ച് അദ്ദേഹം പുതിയ സുഗന്ധക്കൂട്ടുകള്‍ നിര്‍മിച്ചു. പിന്നാലെ ചുന്നമലിന്റെ കൊച്ചുമകന്‍ ഗൗരിശങ്കര്‍ സുഗന്ധ ലേപനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു തുടങ്ങി.
ചുന്നമലിന്റെ നാലാം തലമുറക്കാരന്‍ വാസുദേവ് വിജയവര്‍ഗീയയാകട്ടെ പെര്‍ഫ്യൂം വ്യാപാരത്തെ സിഎംആര്‍ഡി ഏജന്‍സീസാക്കി മാറ്റി.
ഇന്ന് 21ാം നൂറ്റാണ്ടില്‍ വാസുദേവിന്റെ കൊച്ചുമകള്‍ വിദൂഷി വീണ്ടും കുടുംബത്തിന്റെ സുഗന്ധലേപന ബിസിനസിനെ പൊടിതട്ടിയെടുത്ത് ഉന്നതികളിലേക്ക് എത്തിച്ചിരിക്കുകയാണ്.
2017ല്‍ കുടുംബ ബ്രാന്‍ഡിനെ ഇസക് ഫ്രാഗ്രന്‍സസ് എന്ന പേരില്‍ വിദൂഷി റീ ലോഞ്ച് ചെയ്തു.
ചെറുപ്പം മുതല്‍ അച്ഛന്റെ കൊച്ചു സുഗന്ധ ലേപന കടയില്‍ ചുറ്റിപ്പറ്റി നടന്ന പെണ്‍കുട്ടി പിന്നീട് ഐഐഎമ്മില്‍ നിന്ന് ലക്ഷ്വറി ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ ബിസിനസ് മാനേജ്മെന്റ് കോഴ്സ് ചെയ്തു. സ്വിറ്റ്സര്‍ലാന്‍ഡില്‍ പോയി അരോമതെറാപ്പി പഠിച്ചു. ആദ്യമൊന്നും കുടുംബ ബിസിനസ് മുന്നോട്ട് കൊണ്ടു പോകാന്‍ വിദൂഷിക്ക് പദ്ധതിയില്ലായിരുന്നു. ചിക്കന്‍കാരി തുണികളുടെ ബിസിനസായിരുന്നു മനസ്സില്‍. എന്നാല്‍ പോകെ പോകെ കുടുംബത്തിന് തന്റെ പിപന്തുണയുണ്ടെങ്കിലെ കുടുംബ ബിസിനസ് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയൂ എന്ന് ആ വനിത തിരിച്ചറിഞ്ഞു. അങ്ങനെ ഫ്രഞ്ച് പെര്‍ഫ്യൂമുകള്‍ വിപണി വാഴുന്നിടത്ത് ഇന്ത്യന്‍ പെര്‍ഫ്യൂമുകളുടെ സ്ഥാനം ഊട്ടിഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ആ വനിതയുടെ പരിശ്രമങ്ങള്‍ തുടങ്ങി.
ഇന്ന് ഇസക് സുഗന്ധം ഇന്ത്യയിലെങ്ങും, ഫ്രാന്‍സിലും ലണ്ടനിലും അയര്‍ലന്‍ഡിലും ഓസ്ട്രേലിയയിലും മിഡില്‍ ഈസ്റ്റിലുമെല്ലാം പരന്നിരിക്കുന്നു. ഇസകിന് രണ്ട് കളക്ഷനുകളാണുള്ളത്. സിഗ്‌നേച്ചര്‍ കളക്ഷനും റോയല്‍സ് ഓഫ് അവാധ് കളക്ഷനും.
സ്വന്തം ഇഷ്ടത്തിന് പെര്‍ഫ്യൂം ഉണ്ടാക്കാനുള്ള ഡിഐവൈ കിറ്റുകളും ഇസക് തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.
നിരവധി പേര്‍ക്ക് തന്റെ സംരംഭത്തിലൂടെ ഈ വനിത തൊഴില്‍ നല്‍കുന്നു. ഒപ്പം എവിടെയോ ചോര്‍ന്നു പോയ ഇന്ത്യന്‍ സുഗന്ധങ്ങളെ നമ്മിലേക്ക് തിരികെയെത്തിക്കുന്നു.