കേന്ദ്രത്തിന്റെ കാർഷിക വായ്പ കൂടുതൽ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്

0
111

2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും അധികം കാർഷിക വായ്പ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്. കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ആന്ധ്ര പ്രദേശ്, തെലുങ്കാന, തമിഴ്നാട്, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കാർഷിക വായ്പ (അഗ്രികൾച്ചർ ക്രെഡിറ്റ്) ലഭിച്ചത്. ആകെ 21 ട്രില്യൺ രൂപ ചെലവഴിച്ചതിൽ 48% ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ്. രാജ്യത്തെ മൊത്ത വിളവെടുപ്പിന്റെ 17% ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്നത്.


17% കാർഷിക വായ്പയാണ് രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, ഹിമാച്ചൽ പ്രദേശ് തുടങ്ങിയ അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. 3.38 ട്രില്യൺ രൂപയാണ് കാർഷിക, അനുബന്ധ മേഖലയ്ക്ക് ലഭിച്ചത്. രാജ്യത്തെ മൊത്ത വിളവെടുപ്പിന്റെ 20% ലഭിക്കുന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ആകെ 8% (1.73 ട്രില്യൺ രൂപ) കാർഷിക വായ്പയാണ് ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. 8 വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്ക് 13,406 കോടി രൂപയുടെ കാർഷിക വായ്പകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചു.


കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 72 ശതമാനം വായ്പകളും വിതരണം ചെയ്തത് ബാങ്കുകൾ വഴിയാണ്. റൂറൽ ബാങ്കുകൾ വഴി 15 ശതമാനം വായ്പയും, കോ-ഓപ്പറേറ്റീവ് ബാങ്കുകൾ വഴി 13 ശതമാനം വായ്പയും വിതരണം ചെയ്തു. ഗ്രാമീണ മേഖലകളിലെ ധനകാര്യ സ്ഥാപനങ്ങളുടെ കുറവും, സാമ്പത്തിക സാക്ഷരത കുറഞ്ഞതുമാണ് പല സംസ്ഥാനങ്ങൾക്കും കാർഷിക വായ്പയുടെ ഗുണം കൃത്യമായി ലഭിക്കാതെ പോയതിന് കാരണമെന്ന് കാർഷിക മന്ത്രാലയം പറഞ്ഞു.