സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏഴ് മാസം കൊണ്ട് ആരംഭിച്ചത് 75000 സംരംഭങ്ങളെന്ന് സര്‍ക്കാര്‍. ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ ഉണ്ടായത്. 165301 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു. ഒരു വര്‍ഷം തികയും മുന്‍പ് ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ ജില്ലകളില്‍ ഓരോന്നിലും ഏഴായിരത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ അയ്യായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെല്ലാം തന്നെ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലായി പതിമൂന്നായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 12700 പുതിയ സംരംഭങ്ങള്‍ ഇക്കാലയളവില്‍ നിലവില്‍ വന്നു. 1450 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 45705 പേര്‍ക്ക് ഈ യൂണിറ്റുകളിലൂടെ തൊഴില്‍ ലഭിച്ചു. ഗാര്‍മെന്റ്‌സ് ആന്റ് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ 8849 സംരംഭങ്ങളും 421 കോടി രൂപയുടെ നിക്ഷേപവും 18764 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് മേഖലയില്‍ 3246 സംരംഭങ്ങളും 195 കോടി രൂപയുടെ നിക്ഷേപവും 6064 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സര്‍വ്വീസ് മേഖലയില്‍ 5731 സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 359 കോടി രൂപയുടെ നിക്ഷേപവും 13331 തൊഴിലും ഈ മേഖലയില്‍ ഉണ്ടായി. വ്യാപാര മേഖലയില്‍ 24687 സംരംഭങ്ങളും 1450 കോടിയുടെ നിക്ഷേപവും 45705 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.
പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലൈസന്‍സ്/ലോണ്‍/സബ്‌സിഡി മേളകളില്‍ വലിയ പങ്കാളിത്തമാണുണ്ടായത്. നാല് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്ന പത്ത് ലക്ഷം രൂപ വരെയുള്ള വായ്പ സംരംഭകര്‍ക്ക് വലിയ സഹായമായി. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇതിലൂടെ വനിതാ സംരംഭകര്‍ നേതൃത്വം നല്‍കുന്ന 25000 സംരംഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
3 മുതല്‍ 4 ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുവാന്‍ ലക്ഷ്യമിടുന്ന ഈ ബൃഹത്തായ പദ്ധതിക്ക് തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗ സംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്.