വായ്‌പാപരിധിയിൽ ബാക്കിയുള്ള 1,130 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങി കേരള സർക്കാർ. കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനം ഈ തുക സമാഹരിക്കുക. ജനുവരി 30ന് ഇതിന്റെ ലേലം നടക്കും. ഇതോടെ, 2023-24 കാലയളവിൽ കേരളത്തിന് എടുക്കാവുന്ന മുഴുവൻ വായ്‌പാ പരിധിയും തീരും.
4 മാസത്തെ ക്ഷേമപെൻഷൻ കുടിശികയടക്കം മൊത്തം 47,000 കോടി രൂപയുടെ കുടിശിക ബാധ്യതയാണ് സംസ്ഥാന സർക്കാർ വീട്ടാനുളളത്. കൂടാതെ നടപ്പുവർഷം ശേഷിക്കുന്ന രണ്ടുമാസത്തെ ചെലവുകൾക്കും മറ്റുമായി 26,000 കോടിയോളം രൂപയാണ് കേരളത്തിന് അടിയന്തരമായി വേണ്ടത്. എന്നാൽ, വായ്‌പാ പരിധി തീർന്നതിനാൽ ഇനി ഈ സാമ്പത്തിക വർഷം കേരളത്തിന് കടമെടുക്കാൻ കഴിയില്ല.