രാജ്യത്ത് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന

0
176

രാജ്യത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായത് ഇരട്ടിയിലധികം വർധന. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പുറത്തുവിട്ട കണക്കുകൾ പ്രകാരം റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം 7.78 കോടിയായി. 2013-14ൽ വ്യക്തിഗത ആദായ നികുതിദായകർ 3.80 കോടിപ്പേരായിരുന്നു. 104.91 ശതമാനമാണ് വർധന.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ കണക്ക് അനുസരിച്ച്, 2022-23 ൽ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 173.31 ശതമാനം വർധിച്ച് 19,72,248 കോടി രൂപയായി. 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 7,21,604 കോടി രൂപയായിരുന്നു. ഇതോടെ പ്രത്യക്ഷ നികുതിയും ജി.ഡി.പിയും തമ്മിലെ അനുപാതം 2013-14ൽ 5.62 ശതമാനമായിരുന്നത് 2022-23ൽ 6.11 ശതമാനമായി ഉയർന്നു. അതേ സമയം നികുതി പിരിവിനുള്ള ചെലവ് 2013-14 ലെ 0.51 ശതമാനത്തിൽ നിന്ന് 2022-23 ൽ 0.57 ശതമാനമായി വർദ്ധിച്ചു.