കുടുംബശ്രീയുടെ വിഷരഹിത പഴം, പച്ചക്കറികൾ ഇനി മുതൽ ‘നേച്ചേഴ്‌സ് ഫ്രഷ്’ ഔട്ട്ലെറ്റുകൾ വഴി

0
176

കാർഷിക ഉത്പന്നങ്ങൾ വിൽക്കാൻ പുതിയ ഔട്ട്ലെറ്റുകളുമായി കുടുംബശ്രീ. കുടുംബശ്രീയുടെ കീഴിലുളള കർഷക സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന പഴങ്ങളും, പച്ചക്കറികളും ഇനിമുതൽ ബ്ലോക്ക് തലങ്ങളിൽ ആരംഭിക്കുന്ന ‘നേച്ചേഴ്‌സ് ഫ്രഷ്’ എന്ന കാർഷിക ഔട്ട്ലെറ്റുകൾ വഴി വിറ്റഴിക്കും. നിലവിൽ നാട്ടുചന്തകൾ, വിപണന മേളകൾ എന്നിവ വഴിയാണ് കുടുംബശ്രീയുടെ വിഷരഹിത പഴം, പച്ചക്കറികൾ വിൽക്കുന്നത്. നേച്ചേഴ്‌സ് ഫ്രഷ് ആരംഭിക്കുന്നതോടെ, വിൽപന ഈ ഔട്ട്‌ലെറ്റുകൾ വഴിയായിരിക്കും.


ഔട്ട്‌ലെറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് വർക്കലയിൽ നിർവഹിച്ചു. ആദ്യഘട്ടത്തിൽ എല്ലാ ബ്ലോക്കുകളിലുമായി 100 നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്‌ലെറ്റുകളാണ് തുറക്കുക. തുടർന്ന് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

കുടുംബശ്രീയുടെ 81,304 കർഷക സംഘങ്ങളിലായി 3.78 ലക്ഷം സ്ത്രീകൾ ചേർന്ന് 12,819 ഹെക്ടറിലാണ് സംസ്ഥാനത്ത് കൃഷി ചെയ്യുന്നത്. ഇവരുടെ കാർഷികോത്പന്നങ്ങളും സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന മറ്റുത്പന്നങ്ങളും നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്ലെറ്റ് വഴി വിൽക്കാനാകും.