ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വർധന:ഡിസംബറില്‍ രാജ്യത്ത് നടന്നത് 1.65 ലക്ഷം കോടിയുടെ ഇടപാടുകള്‍

0
108

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വർധന. 2023 ഡിസംബർ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 9.79 കോടിയാണ്. ഡിസംബറിൽ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാർഡുകളാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. അധികം വൈകാതെ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 10 കോടി കവിയുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ആകെ 1.67 കോടി ക്രെഡിറ്റ് കാർഡുകളാണ് വിതരണം ചെയ്തത്. 2022ൽ ഇത് 1.24 കോടിയായിരുന്നു. 2019ൽ 5.53 കോടി കാർഡുകളുണ്ടായിരുന്നത് അഞ്ച് വർഷം പിന്നിടുമ്പോൾ 77 ശതമാനത്തോളം വർധിച്ചു.

ആളുകളുടെ ചെലവഴിക്കൽ രീതിയിൽ വന്ന മാറ്റവും ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ കൂടുതലായി പ്രോത്സാഹിപ്പിച്ചതുമാണ് എണ്ണം വർധിക്കാൻ കാരണം. നേരത്തെ ക്രെഡിറ്റ് കാർഡ് ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഇപ്പോൾ അർഹതയുള്ള വ്യക്തികൾക്കെല്ലാം വ്യത്യസ്‌തമായ ക്രെഡിറ്റ് കാർഡുകൾ ബാങ്കുകൾ നൽകുന്നുണ്ട്. പ്രചാരം കൂട്ടുന്നതിന് ബാങ്കുകൾ പല തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കുകയും ചെയ്‌തു. സീറോ കോസ്റ്റ് ഇ.എം.ഐ ഉൾപ്പെടെയുള്ള ഓഫറുകളും ക്രെഡിറ്റ് കാർഡുകളെ ആകർഷകമാക്കി.

എച്ച്.ഡി.എഫ്.സി ബാങ്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്‌തത്. 2023 ഡിസംബർ വരെ 1.98 കോടി ക്രെഡിറ്റ് കാർഡുകളാണ് ബാങ്ക് വിതരണം ചെയ്‌തത്. നവംബർ മാസത്തിൽ ഇത് 1.95 കോടിയായിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് 1.64 കോടി കാർഡുകളും, എസ്.ബി.ഐ 1.84 കോടിയും ആക്‌സിസ് ബാങ്ക് 1.35 കോടി ക്രെഡിറ്റ് കാർഡുകളും പുറത്തിറക്കി. 1.65 ലക്ഷം കോടി രൂപയാണ് ക്രെഡിറ്റ് കാർഡ് വഴി കഴിഞ്ഞ മാസം ഇന്ത്യക്കാർ ചെലവഴിച്ചത്. നവംബറിലിത് 1.61 ലക്ഷം കോടി രൂപയായിരുന്നു.