നടപ്പുവർഷം (2023-24) ഏപ്രിൽ-നവംബറിൽ കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ 16 വലിയ സംസ്ഥാനങ്ങളുടെ തനത് വരുമാന വളർച്ചാ നിരക്ക് 5 ശതമാനം മാത്രം. റേറ്റിംഗ് ഏജൻസിയായ ഇക്ര (ICRA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 17.4 ശതമാനം വളർച്ചാ നിരക്കായിരുന്നു ഈ സംസ്ഥാനങ്ങൾ പ്രതീക്ഷിച്ചിരുന്നത്. വിൽപന നികുതി, സംസ്ഥാന ജി.എസ്.ടി എന്നിവയുടെ വളർച്ച കുറഞ്ഞതാണ് സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായത്.
നടപ്പുവർഷം നവംബർ വരെ 16 മേജർ സംസ്ഥാനങ്ങളും കൂടി 11 ശതമാനം തനത് നികുതി വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. 20 ശതമാനം വളർച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതേസമയം സംസ്ഥാന ജി.എസ്.ടി വരുമാനത്തിൽ മറ്റ് പ്രമുഖ സംസ്ഥാനങ്ങൾ 9-15 ശതമാനം വളർച്ച നേടിയപ്പോൾ കേരളം 5 ശതമാനം വളർച്ച മാത്രമാണ് നേടിയത്. 28 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് കേരളം നടപ്പുവർഷത്തെ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്.
തനത് വരുമാനത്തിൽ കുറവ് വന്നതോടെ മിക്ക സംസ്ഥാനങ്ങൾക്കും വൻതോതിൽ കടം വാങ്ങേണ്ട അവസ്ഥയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനം അധികം കടമാണ് മേജർ സംസ്ഥാനങ്ങൾ ഇതിനകം ഈ വർഷമെടുത്തത്.