ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ച് വിദേശ നിക്ഷേപകർ:ജപ്പാനും, ദക്ഷിണ കൊറിയക്കും, തായ്‌വാനും നേട്ടം

0
263

ഇന്ത്യയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FIIs). ഏഷ്യയിൽ തന്നെ ഈ മാസം ഇതിനകം ഏറ്റവുമധികം വിദേശ നിക്ഷേപ നഷ്ടം നേരിട്ടത് ഇന്ത്യയാണ്. നവംബറിലും ഡിസംബറിലും വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശ നിക്ഷേപകർ 261.81 കോടി ഡോളറാണ്(ഏകദേശം 22,000 കോടി രൂപ) ഈ മാസം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്. ശ്രീലങ്കയ്ക്കും വിദേശ നിക്ഷേപത്തിൽ വലിയ നഷ്ടമുണ്ടായി. 58 ലക്ഷം ഡോളറാണ് (4,800 കോടി രൂപ) ശ്രീലങ്കയുടെ നഷ്ടം.

പുതുവർഷത്തിൽ ഏറ്റവുമധികം വിദേശ നിക്ഷേപം സ്വന്തമാക്കിയത് ജാപ്പനീസ് ഓഹരികളാണ്. 1,228.49 കോടി ഡോളർ വിദേശ നിക്ഷേപം ഇതിനകം ജപ്പാൻ നേടി. ദക്ഷിണ കൊറിയ 223.4 കോടി ഡോളറും, തായ്‌വാൻ 171.91 കോടി ഡോളറും സ്വന്തമാക്കി. മലേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ജനുവരിയിൽ വിദേശ നിക്ഷേപത്തിൽ വളർച്ച നേടി.

ഡിസംബർപാദത്തിലെ കോർപ്പറേറ്റ് കമ്പനികളുടെ മോശം പ്രവർത്തനഫലം, മദ്ധ്യേഷ്യയിലെയും ചെങ്കടലിലെയും യുദ്ധാന്തരീക്ഷം, അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ് വർധന തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപകർ പിന്മാറുന്നതിന് വഴിതെളിച്ചത്. വിദേശ നിക്ഷേപകർ ഇന്ത്യൻ കമ്പനികളുടെ നിയന്ത്രണം സ്വന്തമാക്കാതിരിക്കുന്നതിന് സെബി (SEBI) അടുത്തിടെ പുറത്തിറക്കിയ കർശന മാനദണ്ഡങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കംകൂട്ടി. മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ ഓഹരികളെ അപേക്ഷിച്ച് ഇന്ത്യൻ ഓഹരികൾ വിലയേറിയതാണെന്ന വിലയിരുത്തലുകളും വിദേശ നിക്ഷേപകരെ പുറകോട്ട് വലിക്കുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ 14,768 കോടി രൂപയും ഒക്ടോബറിൽ 24,548 കോടി രൂപയും ഇന്ത്യൻ ഓഹരികളിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചിരുന്നു. തുടർന്ന് നവംബറിൽ 9,001 കോടി രൂപയുടെ ഓഹരികൾ വാങ്ങി അവർ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തി. ഡിസംബറിലെ വിദേശ നിക്ഷേപം 2023ലെ ഏറ്റവും ഉയരമായ 66,135 കോടി രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപകർ വീണ്ടും ഓഹരികൾ വിറ്റൊഴിയുന്നത്.