ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമെന്ന നേട്ടവുമായി ഡെൻമാർക്ക്. ട്രാൻസ്‌പരൻസി ഇന്റർനാഷണലിന്റെ 2023-ലെ കറപ്‌ഷൻ പെഴ്സപ്ഷൻ ഇൻഡക്‌സിൽ(സി.പി.ഐ) ആണ് ഡെൻമാർക്ക് ഒന്നാമതെത്തിയത്. തുടർച്ചയായ ആറാം തവണയാണ് ലോക രാജ്യങ്ങളിലെ അഴിമതിയുടെ തോത് വെളിപ്പെടുത്തുന്ന പട്ടികയിൽ ഡെൻമാർക്ക് ഒന്നാമതെത്തുന്നത്. 90 പോയിന്റുകളാണ് രാജ്യം നേടിയത്.
180 ലോക രാജ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്ന കറപ്ഷൻ പെഴ്സപ്ഷൻ ഇൻഡക്സിൽ ഇന്ത്യ 93-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. 2022 ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യയിൽ അഴിമതി വർധിക്കുന്നതായാണ് സൂചിക വ്യക്തമാക്കുന്നത്. 2022 ൽ 40 പോയിന്റുകൾ ലഭിച്ച ഇന്ത്യയ്ക്ക് ഇത്തവണ 39 പോയിന്റുകളാണ് ലഭിച്ചത്.
87 പോയിന്റുകളുമായി ഫിൻലാൻഡ് രണ്ടാം സ്ഥാനത്തും 85 പോയിന്റുകളുമായി ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമെത്തി. 84 പോയിന്റുകൾ ലഭിച്ച നോർവേ, സിംഗപ്പുർ (83), സ്വീഡൻ (82), സ്വിറ്റ്സർലൻഡ് (82), നെതർലൻഡ്‌സ് (79), ജർമനി (78), ലക്സംബർഗ് (78) എന്നിവയാണ് സൂചികയിൽ അഴിമതി കുറഞ്ഞ മറ്റ് രാജ്യങ്ങൾ. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് സൊമാലിയയിലാണ്. 11 പോയിന്റുകൾ മാത്രമാണ് സൊമാലിയ നേടിയത്. വെനസ്വേല (13), സിറിയ (13), ദക്ഷിണ സുഡാൻ (13), യെമൻ (16) എന്നീ രാജ്യങ്ങളും സൂചികയിൽ പിന്നിലാണ്.
പൊതുമേഖലയിലെ അഴിമതി കൈകാര്യം ചെയ്യുന്നതിൽ രാജ്യങ്ങൾ പിന്നോട്ട് പോകുന്നതായാണ് കണക്കുകൾ. തുടർച്ചയായി പന്ത്രണ്ടാം വർഷവും സി.പി.ഐ ആഗോള ശരാശരി 43-ൽ മാറ്റമില്ലാതെ തുടരുകയാണ്. ലോകരാജ്യങ്ങളിൽ മൂന്നിൽ രണ്ടും 50-ൽ താഴെ പോയിന്റാണ് നേടിയിരിക്കുന്നത്.