മൊബൈൽ ഫോണുകളുടെ വില കുറയും:ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് സർക്കാർ

0
239

മൊബൈൽ ഫോണുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് സർക്കാർ. 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് തീരുവ കുറച്ചത്. ഇതോടെ മൊബൈൽ ഫോണുകളുടെ വില കുറയും. ആഗോള വിപണികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബാറ്ററിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ, ലെൻസ്, പിൻഭാഗത്തെ കവർ, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉപയോഗിച്ച് നിർമിച്ച വിവിധ പാർട്‌സുകൾ ഉൾപ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്.


സ്‌മാർട്ട് ഫോണുകളുടെ ഇന്ത്യയിലെ ഉത്പാദന ചെലവ് കുറയ്ക്കുന്നതിനും, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള മത്സരം നേരിടുന്നതിനും ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കമ്പനികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആപ്പിൾ പോലുള്ള കമ്പനികൾക്ക് തീരുവ കുറയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ഇന്ത്യയുടെ കയറ്റുമതി സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റില്‍ പ്രീമിയം സെഗ്മെന്റിലെ ഫോണുകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഘടകങ്ങളുടെ 2.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കിയിരുന്നു.