റെക്കോർഡ് ബുക്കിലേക്ക് നിർമല സീതാരാമൻ:രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

0
116

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. വരുന്ന മാർച്ച്-ഏപ്രിലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇടക്കാല ബജറ്റ് മാത്രമായിരിക്കും അവതരിപ്പിക്കുക. പുതിയ സർക്കാർ അധികാരത്തിൽ വരും വരെയുള്ള സർക്കാരിന്റെ ചെലവുകൾക്ക് പാർലമെന്റിന്റെ അനുമതി തേടുക മാത്രമാണ് ഇതു വഴി ഉദ്ദേശിക്കുന്നത്. അതുകൊണ്ടിതിനെ വോട്ട് ഓൺ അക്കൗണ്ട് എന്നാണ് പറയുക. ജൂണോടെ പുതിയ സർക്കാർ അധികാരത്തിലേറുകയും ജൂലൈയിൽ 2024-25 വർഷത്തേക്കുള്ള അന്തിമ ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും. അതേസമയം ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2014 മുതലുള്ള ഭരണ നേട്ടങ്ങളും ബജറ്റിൽ ഉയർത്തിക്കാട്ടും. ആദായ നികുതിയിളവ്, കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ അടക്കമുള്ളവ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.


തുടർച്ചയായ ആറ് തവണ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡും ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ സൃഷ്ടിക്കും. നിലവിൽ തുടർച്ചയായി ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡ് മൊറാർജി ദേശായിയുടെ പേരിലാണ്. 1959 മുതൽ 64 വരെയുള്ള കാലയളവിൽ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും മൊറാർജി ദേശായി അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളതും മൊറാർജി ദേശായിയാണ്. മൊത്തം പത്ത് ബജറ്റുകൾ.


തുടർച്ചയായ അഞ്ച് ബജറ്റുകൾ അവതരിപ്പിച്ച മുൻ ധനമന്ത്രിമാരായ മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്ലി, പി.ചിദംബരം, യശ്വന്ത് സിൻഹ എന്നിവരെ പിന്നാലാക്കിയാണ് നിർമല മൊറാർജി ദേശായിയുടെ റെക്കോഡിനൊപ്പമെത്തുക. എന്നാൽ തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിക്കുന്ന വനിതാ ധനമന്ത്രിയെന്ന നേട്ടം നിർമലയ്ക്ക് സ്വന്തമാകും. 1970-71 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ഇന്ധിരാഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിച്ച ആദ്യ വനിതയാണ് നിർമല സീതാരാമൻ.