പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കരുത്:പേടിഎം പേയ്മെന്റ്സ് ബാങ്കിന് വിലക്കേർപ്പെടുത്തി റിസ‍ർവ് ബാങ്ക്

0
112

ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ പേയ്‌ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ കടുത്ത നടപടികളുമായി റിസർവ് ബാങ്ക്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങൾ സ്വീകരിക്കുകയോ നിക്ഷേപ, വായ്‌പാ ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്നാണ് നിർദേശം.


പ്രീപെയ്‌ഡ് സൗകര്യങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗ്‌ തുടങ്ങിയവ ടോപ്-അപ്പ് ചെയ്യരുതെന്നും റിസർവ് ബാങ്ക് ഉത്തരവിട്ടിട്ടുണ്ട്. പ്രവർത്തന ചട്ടങ്ങളിൽ തുടർച്ചയായി വീഴ്‌ചവരുത്തിയതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. 1949ലെ ബാങ്കിംഗ് റെഗുലേഷൻ നിയമം സെക്ഷൻ 35 എ പ്രകാരമാണ് നടപടിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തുടർച്ചയായ വീഴ്‌ചകളുടെ പശ്ചാത്തലത്തിൽ സ്വതന്ത്ര ഓഡിറ്ററെ നിയമിച്ച് റിപ്പോർട്ട് തേടിയ ശേഷമാണ് റിസർവ് ബാങ്കിന്റെ നടപടി.


സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് അക്കൗണ്ടുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ബാലൻസ് പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യാമെന്നും ഉപഭോക്താക്കളുടെ ലഭ്യമായ ബാലൻസ് വരെ യാതൊരു നിയന്ത്രണവുമില്ലാതെ ഇത് തുടരാമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. പേയ്‌ടിഎം ആപ്പ് (UPI) ഉപയോഗിക്കുന്നതിനും തടസ്സമില്ല. കാരണം, ഇത് വരുന്നത് പേയ്‌ടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിന് കീഴിലാണ്.