2023 ലും രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമെന്ന സ്ഥാനം നിലനിർത്തി ടെക്-സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനമായ ബംഗളൂരു. ഡച്ച് ലോക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോടോം പുറത്തുവിട്ട ട്രാഫിക് ഇൻഡക്സ് അനുസരിച്ചാണ് ബംഗളൂരുവിനെ തിരക്കേറിയ നഗരമായി തിരഞ്ഞെടുത്തത്. ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ ആഗോള പട്ടികയിൽ ബംഗളൂരു ആറാം സ്ഥാനത്താണ്. 2022ൽ ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനത്തായിരുന്നു ബംഗളൂരു.
കഴിഞ്ഞ വർഷം ലോകത്തെ ഏറ്റവും തിരക്കേറിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ലണ്ടനാണ്. തിരക്കുള്ള സമയങ്ങളിൽ 1 മണിക്കൂർ എടുത്താണ് ലണ്ടനിൽ 14 കിലോമീറ്റർ ദൂരം പിന്നിടുന്നത്. അയർലൻഡിലെ ഡബ്ലിൻ, കാനഡയിലെ ടോറന്റോ, ഇറ്റലിയിലെ മിലാൻ, പെറുവിലെ ലിമ എന്നീ നഗരങ്ങളും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.
ബംഗളൂരു സിറ്റിയിൽ 10 കിലോമീറ്റർ ദൂരത്തെത്താൻ ഏകദേശം 28 മിനിറ്റും 10 സെക്കന്റുമെടുക്കും. കഴിഞ്ഞ വർഷമിത് 29 മിനിറ്റായിരുന്നു. തിരക്ക് കൂടുന്ന ദിവസങ്ങളിൽ ബെംഗളരൂവിൽ 18 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 1 മണിക്കൂറെങ്കിലുമെടുക്കും. അതായത് ബംഗളൂരു നിവാസികൾ വർഷത്തിൽ 132 മണിക്കൂറാണ് റോഡിൽ ട്രാഫിക്കിൽ കുടുങ്ങി കിടക്കുന്നത്.