സംസ്ഥാനത്ത് പ്രതിശീർഷ വരുമാനത്തിൽ (Per Capita income) മുന്നിൽ എറണാകുളം ജില്ലയിലെ ജനങ്ങൾ. സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022-23 വർഷത്തെ കണക്കുപ്രകാരം 2.02 ലക്ഷം രൂപയാണ് എറണാകുളം ജില്ലക്കാരുടെ പ്രതിശീർഷ വരുമാനം. തെക്കൻ -മദ്ധ്യകേരളത്തിലെ ജില്ലകളാണ് പ്രതിശീർഷ വരുമാനത്തിൽ ആദ്യ 6 സ്ഥാനങ്ങളും സ്വന്തമാക്കിയത്.
1.95 ലക്ഷം രൂപയുമായി ആലപ്പുഴ ജില്ലക്കാരാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം (1.80 ലക്ഷം രൂപ), കോട്ടയം (1.71 ലക്ഷം രൂപ), തൃശൂർ (1.64 ലക്ഷം രൂപ) എന്നീ ജില്ലക്കാരാണ് യഥാക്രമം ആലപ്പുഴക്കാർക്ക് പിന്നിലുള്ളത്.
1.49 ലക്ഷം രൂപയാണ് ഇടുക്കിക്കാരുടെ പ്രതിശീർഷ വരുമാനം. 1,45,441 രൂപയുമായി കണ്ണൂരുകാർ ഏഴാമതും, 1,45,214 രൂപയുമായി തിരുവനന്തപുരം ജില്ലക്കാർ എട്ടാമതുമാണ്.
കോഴിക്കോട് (1.36 ലക്ഷം രൂപ), പാലക്കാട് (1.30 ലക്ഷം രൂപ), കാസർഗോഡ് (1.27 ലക്ഷം രൂപ) എന്നിവരാണ് യഥാക്രമം 11 വരെ സ്ഥാനങ്ങളിൽ. 1.13 ലക്ഷം രൂപ പ്രതിശീർഷ വരുമാനവുമായി 12-ാം സ്ഥാനത്ത് പത്തംതിട്ടക്കാരാണ്. 1.09 ലക്ഷം രൂപയുമായി മലപ്പുറത്തുകാർ 13-ാം സ്ഥാനത്തെത്തി. 1.01 ലക്ഷം രൂപ മാത്രം പ്രതിശീർഷ വരുമാനമുള്ള വയനാട്ടുകാരാണ് ഏറ്റവും പിന്നിൽ.