രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വരുമാന വര്‍ധന ലക്ഷ്യമിട്ട് സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയം മാറ്റങ്ങളടക്കം ഉൾപ്പെടുത്തിയാണ് ബജറ്റ്. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയായി മാറി കൊണ്ടിരിക്കുന്നു എന്ന് വിശേഷിപ്പിച്ച ധനമന്ത്രി കേന്ദ്രത്തിന്റെ സമീപനത്തിൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന മുന്നറിയിപ്പ് നൽകി കൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ ഒരു ‘പ്ലാന്‍ ബി’യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ജനങ്ങള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷം 1.38 ലക്ഷം കോടിയുടെ വരവും, 1.84 ലക്ഷം കോടി രൂപയുടെ ചെലവുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. തകരില്ല, തളരില്ല കേരളം, തകർക്കാനാവില്ല കേരളം എന്നതാണ് മുദ്രാവാക്യം. സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. വിഴിഞ്ഞം തുറമുഖം ഭാവി കേരളത്തിന്റെ വികസന കവാടമാണെന്നും വിഴിഞ്ഞം മെയ് മാസം തുറക്കുമെന്നും ധനമന്ത്രി അറിയിച്ചു.
അതേസമയം സാമൂഹ്യ സുരക്ഷ പെൻഷൻ തുക വർദ്ധിപ്പിച്ചില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ അവതരിപ്പിച്ച പുതിയ പദ്ധതി പഠിക്കും. തുടർന്ന് പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതി അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം സാമൂഹ്യ സുരക്ഷ പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്നും ധനമന്ത്രി അറിയിച്ചു. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക. ഈ കുടിശ്ശികകളിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 5000 കടന്നതായി മന്ത്രി പറഞ്ഞു. പ്രത്യേക സ്ഥലത്ത് താമസിച്ച് തൊഴില്‍ ചെയ്യുന്നവർക്ക് വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലൂടെ 5500 കോടി രൂപ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചെന്നും ഇതിലൂടെ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും ധനമന്ത്രി വ്യക്തമാക്കി. 90.52 കോടി സ്റ്റാര്‍ട്ടപ്പ് മിഷന് വേണ്ടി നീക്കി വച്ചു. കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ടെക്നോളജി ഇന്നവേഷന്‍ സോൺ സ്ഥാപിക്കും. ഇതിനായി 70.52 കോടി നല്‍കും. സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്ഥാപിച്ച ഫണ്ട് ഓഫ് ഫണ്ട്സ് ഇനത്തില്‍ 20 കോടി രൂപ കൂടി വകയിരുത്തി. പട്ടിക വര്‍ഗത്തിലെ വിദ്യാ സമ്പന്നര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനുള്ള പ്രോല്‍സാഹനം നല്‍കുന്ന ഉന്നതി പദ്ധതിക്ക് കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 ലക്ഷം രൂപ പ്രാരംഭഘട്ട സഹായവും പ്രഖ്യാപിച്ചു.