2022-23ൽ കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി രൂപ. 2021-22ലെ നഷ്ടമായ 4,758.98 കോടി രൂപയേക്കാൾ 1.10 ശതമാനം അധികമാണിത്. 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിനോട് അനുബന്ധമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ 2022-23ലെ വരുമാനം 37,405 കോടി രൂപയിൽ നിന്ന് 40,774.07 കോടി രൂപയായി. 9 ശതമാനമാണ് വളർച്ച. ലാഭത്തിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 2021-22ലെ 58ൽ നിന്ന് 57 ആയി കുറഞ്ഞു. നഷ്ടത്തിലുള്ളവയുടെ എണ്ണം 66ൽ നിന്ന് 59 ആയും കുറഞ്ഞു. 15 കമ്പനികൾക്ക് ലാഭമോ നഷ്ടമോ ഇല്ല.
ഏറ്റവുമധികം നഷ്ടം നേരിടുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെ.എസ്.ആർ.ടി.സിയാണ്. 2022-23ൽ 1,521.82 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ നഷ്ടം. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടത്തിൽ 26.69 ശതമാനവും സംഭാവന ചെയ്യുന്നത് കെ.എസ്.ആർ.ടി.സിയാണ്. എന്നാൽ 2021-22ലെ 2,010.58 കോടി രൂപയിൽ നിന്ന് 2022-23ൽ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറഞ്ഞു. 1,312.34 കോടി രൂപയുടെ നഷ്ടവുമായി കേരള വാട്ടർ അതോറിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മൊത്തം നഷ്ടത്തിൽ 23.02 ശതമാനമാണ് വാട്ടർ അതോറിറ്റിയുടെ വിഹിതം. മുൻവർഷത്തെ 824.33 കോടി രൂപയിൽ നിന്ന് വാട്ടർ അതോറിറ്റിയുടെ നഷ്ടം ഉയർന്നു. 1,023.62 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കുളളത്. മൊത്തം നഷ്ടത്തിൽ 17.96 ശതമാനമാണ് കെ.എസ്.ഇ.ബിയുടെ സംഭാവന.
സംസ്ഥാനത്തെ ഏറ്റവും ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനം കെ.എസ്.എഫ്.ഇ ആണ്. 2021-22ലെ 105.49 കോടി രൂപയിൽ നിന്ന് 2022-23ൽ 350.87 കോടി രൂപയായി കെ.എസ്.എഫ്.ഇയുടെ ലാഭം ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭത്തിൽ 39.46 ശതമാനവും സംഭാവന ചെയ്തത് കെ.എസ്.എഫ്.ഇ ആണ്. 85.04 കോടി രൂപയുടെ ലാഭവുമായി കേരള മിനറൽസ് ആൻഡ് മെറ്റൽസാണ്(KMML) ലാഭത്തിൽ രണ്ടാമത്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവുമധികം വരുമാനം നേടുന്നത് കെ.എസ്.ഇ.ബിയാണ്. 2021-22ലെ 15,962 കോടി രൂപയിൽ നിന്ന് 17,984 കോടി രൂപയായാണ് കഴിഞ്ഞവർഷം കമ്പനിയുടെ വരുമാനം ഉയർന്നത്. രണ്ടാം സ്ഥാനത്തുള്ള കെ.എസ്.എഫ്.ഇയുടെ വരുമാനം 3,643.03 കോടി രൂപയിൽ നിന്ന് 4,503.78 കോടി രൂപയായി വളർന്നു. വരുമാനത്തിൽ മൂന്നാം സ്ഥാനത്ത് ബിവറേജസ് കോർപ്പറേഷനാണ്. 2,714.48 കോടി രൂപയിൽ നിന്ന് 3,393.77 കോടി രൂപയായാണ് വരുമാനം ഉയർന്നത്.