പിഴയിനത്തിൽ നേടിയത് 600 കോടി:കോടികണക്കിന് പാൻ കാർഡുകൾ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല

0
97

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് കേന്ദ്ര സർക്കാർ ഇതു വരെ പിഴയായി ഈടാക്കിയത് 600 കോടി രൂപ. ഏകദേശം 11.48 കോടി പാൻ കാർഡ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

2023 ജൂൺ 30ന് ശേഷം പാനും ആധാറും ലിങ്ക് ചെയ്യാത്തവരിൽ നിന്ന് 1,000 രൂപ പിഴയായി സർക്കാർ ഈടാക്കിയിട്ടുണ്ട്. പിഴയിനത്തിൽ സർക്കാർ സമ്പാദിച്ചതിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ധനകാര്യ സഹമന്ത്രി മറുപടി നൽകിയത്. 2023 ജൂൺ 30 ആയിരുന്നു ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി.

ആധാറുമായി പാൻ ബന്ധിപ്പിക്കാത്ത നികുതിദായകരുടെ പാൻ 2023 ജൂലായ് 1 മുതൽ പ്രവർത്തനരഹിതമാകുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 1,000 രൂപ ഫീസ് അടച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം. ഇ-ഫയലിംഗ് പോർട്ടൽ വഴി (www.incometax.gov.in) ആധാറും പാനും ലിങ്ക് ചെയ്യാൻ സാധിക്കും. പാൻ കാര്‍ഡ് നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിന് പലിശയും ലഭിക്കില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.