രത്തൻ ടാറ്റയുടെ ദീർഘകാല സ്വപ്ന പദ്ധതിയായ ടാറ്റ ട്രസ്റ്റ്സ് സ്മോൾ അനിമൽ ഹോസ്പിറ്റൽ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. ഏകദേശം 165 കോടി ചെലവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൃഗാശുപത്രികളിൽ ഒന്നായ രത്തൻ ടാറ്റയുടെ ‘പെറ്റ്’ പദ്ധതി ഒരുങ്ങുന്നത്. 2.2 ഏക്കറിൽ പരന്നുകിടക്കുന്ന ആശുപത്രി നായ്ക്കൾക്കും, പൂച്ചകൾക്കും, മുയലുകൾക്കും മറ്റ് ചെറിയ മൃഗങ്ങൾക്കും വേണ്ടിയുള്ള ചുരുക്കം ചില ആശുപത്രികളിൽ ഒന്നായിരിക്കും. 24×7 സമയവും ആശുപത്രി പ്രവർത്തനക്ഷമമായിരിക്കും.
അഞ്ച് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ടാറ്റ ട്രസ്റ്റ് സ്‌മോൾ അനിമൽ ഹോസ്പിറ്റലിൽ 200 രോഗികളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. ബ്രിട്ടീഷ് വെറ്ററിനറി ഡോക്ടർ തോമസ് ഹീത്‌കോട്ട് ആണ് ചികിത്സാ സംഘത്തെ നയിക്കുക. ആശുപത്രിക്കായി അദ്ദേഹം മുംബൈയിലേക്ക് താമസം മാറ്റിയിട്ടുണ്ട്.
2017 ൽ പ്രഖ്യാപിച്ച ആശുപത്രി മാർച്ച് ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഒരു ലോകോത്തര മൃഗാശുപത്രി തുറക്കുക എന്ന രത്തൻ ടാറ്റയുടെ സ്വപ്നമാണ് മഹാലക്ഷ്മിയിലെ ടാറ്റ ട്രസ്റ്റ്സ് സ്മോൾ അനിമൽ ഹോസ്പിറ്റലിന്റെ ഉദ്ഘാടനത്തോടെ യാഥാർത്ഥ്യമാകുക.